യുപിയില്‍ ബിജെപിയെ വിറപ്പിച്ച് കര്‍ഷക രോഷം; അജയ് മിശ്രയ്ക്ക് എതിരെ മത്സരിക്കുമെന്ന് ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മകന്‍

'കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി തേനി ഇരിക്കുന്നിടത്തോളം, നീതി പുലരുമെന്ന് കരുതുന്നില്ല.'
ലഖിംപുര്‍ ഖേരി ആക്രമണം/ഫയല്‍ ചിത്രം
ലഖിംപുര്‍ ഖേരി ആക്രമണം/ഫയല്‍ ചിത്രം


ലഖ്‌നൗ: കേന്ദ്രമന്ത്രി അജയ് മിശ്ര തേനിക്കെതിരെ വരുന്ന ലോക്‌സഭ തെഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മകന്‍. കൊല്ലപ്പെട്ട നച്ചതര്‍ സിങ്ങിന്റെ മകന്‍ ജഗദീപ് സിങ്ങാണ് ബിജെപിക്ക് എതിരെ രംഗത്തുവന്നിരിക്കുന്നത്. 

ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കാമെന്ന സമാജ്‌വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും വാഗ്ദാനം താന്‍ നിഷേധിച്ചെന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ വാഹനം ഓടിച്ചു കയറ്റി നാലു കര്‍ഷകര്‍ ഉള്‍പ്പെടെ കൊല്ലപ്പെടട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് പ്രധാന പ്രതി. സംഭവത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്. 

ധൗരഹാര മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് കോണ്‍ഗ്രസും എസ്പിയും ആവശ്യപ്പെട്ടതെന്ന് ജഗ്ദീപ് പറഞ്ഞു.'ചെറിയ പോരാട്ടത്തില്‍ മത്സരിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. 2024ല്‍ ടിക്കറ്റ് തരാന്‍ ഞാന്‍ അവരോട് പറഞ്ഞു. ഞാന്‍ നേരിട്ട് തേനിയോട് ഏറ്റുമുട്ടും'-ജഗ്ദീപ് പറഞ്ഞു. 

പ്രതിപക്ഷ പാര്‍ട്ടികള്‍ ഇല്ലായിരുന്നെങ്കില്‍ തേനി, ലഖിംപുര്‍ ഖേരി സംഭവം വെറും അപകടമാക്കി മാറ്റിയേനെ എന്നും ജഗ്ദീപ്  പറഞ്ഞു. സംഭവം നടന്ന് ഇത്രനാള്‍ ആയിട്ടും തേനിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയിട്ടില്ല. ബ്രാഹ്മണ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന പേടികൊണ്ടാണ് ബിജെപി തേനിയെ പുറത്താക്കാത്തത് എന്നും ജഗ്ദീപ് ആരോപിച്ചു. 

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി തേനി ഇരിക്കുന്നിടത്തോളം, നീതി പുലരുമെന്ന് കരുതുന്നില്ല. താന്‍ എസ്പിയുടേയോ ബിഎസ്പിയുടേയോ കോണ്‍ഗ്രസിന്റെയോ പ്രവര്‍ത്തകനല്ല. കര്‍ഷക നേതാവയ തേജീന്ദര്‍ സിങ് വിര്‍ക്കിനൊപ്പമാണ് ഇത്തവണതത്തെ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ നിലകൊള്ളുന്നതെന്നും ജഗ്ദീപ് കൂട്ടിച്ചേര്‍ത്തു.ലഖിംപുര്‍ ആക്രമണത്തില്‍ തേജീന്ദര്‍ വിര്‍ക്കിനും പരിക്കേറ്റിരുന്നു. ലഖ്‌നൗവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍വെച്ച് വിര്‍ക്, എസ്പി നേതാവ് അഖിലേഷ് യാദവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ലഖിംപുര്‍ ഖേരിയിലെ സിഖ് വിശ്വാസികളും കേന്ദ്രമന്ത്രിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com