ത്രിപുര ബിജെപിയില്‍ കലഹം; രണ്ട് എംഎല്‍എമാര്‍ രാജിവച്ചു, ഡല്‍ഹിയിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 07th February 2022 01:07 PM  |  

Last Updated: 07th February 2022 01:07 PM  |   A+A-   |  

MODI_AMIT_BIPLAB

മോദി, അമിത് ഷാ, ബിപ്ലബ് കുമാര്‍ (ഫയല്‍)

 

ന്യൂഡല്‍ഹി: ത്രിപുര ബിജെപിയില്‍ വീണ്ടും പൊട്ടിത്തെറി. മുന്‍ ആരോഗ്യ മന്ത്രി സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തില്‍ വിമത നീക്കം. സുദീപ് റോയ് ബര്‍മനും അനുയായിയായ ആശിഷ് കുമാറും എംഎല്‍എ സ്ഥാനം രാജിവെച്ചു. ഇരുവരും ഡല്‍ഹിയിലേക്ക് തിരിച്ചു. സുദീപ് റോയ് ബര്‍മനുമായി അടുത്ത കൂടുതല്‍ എംഎല്‍എമാര്‍ വരും ദിവസം ബിജെപി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുദീപ് റോയ് ബര്‍മനും ആശിഷ് കുമാറുമാണ് നിലവില്‍ നിയമസഭാ അംഗത്വം രാജിവെച്ചിരിക്കുന്നത്. ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെതിരായ വിമത എംഎല്‍എമാര്‍ അടുത്തിടെ വിമര്‍ശനം രൂക്ഷമാക്കിയരുന്നു. ഇതിന് പിന്നാലെയാണ് രാജി. ഇവര്‍ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചിട്ടുണ്ട്. വിമതര്‍ കോണ്‍ഗ്രസിലോ തൃണമൂല്‍ കോണ്‍ഗ്രസിലോ ചേരുമെന്നാണ് വിവരം.

മുഖ്യമന്ത്രി ബിപ്ലബ് ദേവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2019ലാണ് സുദീപ് റോയ് ബര്‍മന് മന്ത്രിസ്ഥാനം നഷ്ടമായത്. തുടര്‍ന്ന് അദ്ദേഹം വിമത നീക്കങ്ങള്‍ സജീവമാക്കുകയായിരുന്നു. ത്രിപുരയില്‍ 2023 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബജെപിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്.