കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി, കുടുംബത്തിലെ ഒരാള്‍ക്ക് ജോലി; വമ്പന്‍ വാഗ്ദാനങ്ങള്‍; യുപിയില്‍ ബിജെപി പ്രകടനപത്രിക 

കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി, കുടുംബത്തിലെ ഒരാള്‍ക്ക് ജോലി; വമ്പന്‍ വാഗ്ദാനങ്ങള്‍; യുപിയില്‍ ബിജെപി പ്രകടനപത്രിക 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലഖ്നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബിജെപി. തുടര്‍ ഭരണം ലക്ഷ്യമിടുന്ന ബിജെപി വമ്പന്‍ വാഗ്ദാനങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ലഖ്നൗവില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

കര്‍ഷകര്‍ക്ക് ജലസേചന ആവശ്യങ്ങള്‍ക്ക് സൗജന്യ വൈദ്യുതി, ഒരോ കുടുംബത്തിലെയും ഒരാള്‍ക്ക് ജോലി, കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഇരുചക്ര വാഹനം തുടങ്ങിയ വമ്പന്‍ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. പഞ്ചസാര മില്ലുകള്‍ പുതുക്കി പണിയുന്നതിന് 5,000 കോടി, ഗോതമ്പിനും നെല്ലിനും മിനിമ താങ്ങുവില തുടങ്ങിയവയും ബിജെപി വാഗ്ദാനം ചെയ്യുന്നു. 

ഹോളിക്കും ദീപാവലിക്കും സത്രീകള്‍ക്ക് ഓരോ സൗജന്യ ഗ്യാസ് സിലിണ്ടര്‍, 60 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ സൗജന്യ യാത്ര, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ ഇരുചക്ര വാഹനം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. 

സംസ്ഥാനത്തെ പ്രതിശീര്‍ഷ വരുമാനം ഇരട്ടിയാക്കും, പത്തുലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കും, വിധവാ പെന്‍ഷന്‍ 800ല്‍ നിന്ന് 1,500 രൂപയായി ഉയര്‍ത്തും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്. 

നേരത്തെ ഫെബ്രുവരി ആറിന് പ്രകടന പത്രിക പുറത്തിറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഗായിക ലതാ മങ്കേഷ്‌കറുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രകടന പത്രിക പുറത്തിറക്കല്‍ ചടങ്ങ് മാറ്റിവെക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com