'ഇര ഉറങ്ങിപ്പോയത് പറഞ്ഞ് ബലാത്സംഗ കേസ് പ്രതിക്ക് ജാമ്യം നല്‍കിയ ജഡ്ജി'; ഹിജാബ് വിവാദത്തില്‍ കോടതിക്ക് എതിരെ ട്വീറ്റ്, നടന്‍ അറസ്റ്റില്‍

ഹര്‍ജികള്‍ കേള്‍ക്കുന്ന ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് 2 വര്‍ഷം മുന്‍പ് ബലാത്സംഗക്കേസ് പരിഗണിക്കവെ നടത്തിയ പരാമര്‍ശമാണ് ചേതന്‍കുമാര്‍ വീണ്ടും ചര്‍ച്ചയാക്കിയത്
ചേതന്‍ കുമാര്‍
ചേതന്‍ കുമാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തിന് എതിരായ ഹര്‍ജികള്‍ പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിക്കെതിരെ പരാമര്‍ശം നടത്തിയ കന്നഡ സിനിമാ താരവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ചേതന്‍ കുമാര്‍  അറസ്റ്റില്‍. ഹര്‍ജികള്‍ കേള്‍ക്കുന്ന ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് 2 വര്‍ഷം മുന്‍പ് ബലാത്സംഗക്കേസ് പരിഗണിക്കവെ നടത്തിയ പരാമര്‍ശമാണ് ചേതന്‍കുമാര്‍ വീണ്ടും ചര്‍ച്ചയാക്കിയത്. 

'ബലാത്സംഗക്കേസില്‍ പരാതിക്കാരിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ജഡ്ജിയാണ് ഹിജാബ് സ്‌കൂളില്‍ അനുവദിക്കണോ വേണ്ടയോ എന്ന കേസ് പരിഗണിക്കുന്നത്. അദ്ദേഹത്തിന് ഇതിനാവശ്യമായ വ്യക്തതയുണ്ടെന്ന് കരുതുന്നുണ്ടോ' എന്നായിരുന്നു ചേതന്‍ കുമാറിന്റെ ട്വീറ്റ്. 2020 ജൂണ്‍ 27ന് ഈ വിഷയത്തില്‍ പങ്കുവച്ച ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു ചേതന്റെ ചോദ്യം. 

ഹിജാബ് നിരോധനത്തിനെതിരെ ദലിത് അനുകൂല സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ ചേതനും പങ്കെടുത്തിരുന്നു. ബലാത്സംഗത്തിനു ശേഷം പരാതിക്കാരി ഉറങ്ങിപ്പോയത് അസ്വാഭാവികമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിക്കു ജഡ്ജി ജാമ്യം അനുവദിച്ചിരുന്നു. ഇത് വലിയ വിവാദമാവുകയും വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. 

ഇതാണ് ചേതന്‍ വീണ്ടും ചര്‍ച്ചയാക്കിയത്. ഐപിസി 505(2), 504 എന്നിവ പ്രകാരം ചേതന്‍ കുമാറിനെതിരെ സ്വമേധയായാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ എംഎന്‍ അനുചേത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com