ഇന്ത്യയുടെ രക്ഷാദൗത്യത്തിന് തുടക്കം; ആ​ദ്യ ബസിൽ 50 മെഡിക്കൽ വിദ്യാർത്ഥികൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2022 07:20 PM  |  

Last Updated: 25th February 2022 07:20 PM  |   A+A-   |  

indian_students

ഫോട്ടോ: എഎൻഐ

 

കീവ്: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം തുടങ്ങി. വിദ്യാർത്ഥികളുടെ ആദ്യ സംഘത്തേയും വഹിച്ചുള്ള എംബസിയുടെ ബസ് ചെർനിവ്റ്റ്‌സിയിൽ നിന്ന് യുക്രൈൻ-റൊമേനിയ അതിർത്തിയിലേക്ക് യാത്ര തിരിച്ചു. 

ആദ്യ സംഘത്തിൽ അമ്പതോളം മെഡിക്കൽ വിദ്യാർത്ഥികളാണുള്ളത്. ഇവരെ റൊമേനിയ വഴി ഇന്ത്യയിലെത്തിക്കും. റൊമേനിയയിലേക്കുള്ള എയർ ഇന്ത്യ വിമാനം ശനിയാഴ്ച്ച പുലർച്ചെ യാത്ര തിരിക്കും.

വിദേശകാര്യ മന്ത്രാലയത്തിന്റെ ക്യാമ്പ് ഓഫീസുകൾ ഇപ്പോൾ പടിഞ്ഞാറൻ യുക്രൈനിലെ ലിവിവ്, ചെർനിവറ്റ്‌സി നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. റഷ്യൻ സംസാരിക്കുന്ന കൂടുതൽ ഉദ്യോഗസ്ഥരെ ഈ ക്യാമ്പ് ഓഫീസുകളിലേക്ക് അയക്കും.

18,000 പേരാണ് യുക്രൈനിൽ കുടുങ്ങി കിടക്കുന്നത്. പ്രാഥമികമായി ആയിരം പേരെ ഇന്നു തന്നെ ഒഴിപ്പിക്കുമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. യാത്രാ ചെലവ് സർക്കാർ ഏറ്റെടുക്കും. 

നിലവിൽ യുക്രൈന്റെ കിഴക്ക്, തെക്ക് പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ത്യക്കാർ കുടുങ്ങിയിട്ടുള്ളത്. ഇവിടെ നിന്ന് ആളുകളെ റോഡ് മാർഗം അയൽ രാജ്യങ്ങളിൽ എത്തിക്കും. ഹംഗറി, റൊമേനിയ എന്നീ രാജ്യങ്ങളിൽ എത്തിച്ച ശേഷം റൊമേനിയയുടെ തലസ്ഥാനമായ ബുകാറസ്റ്റിലെ വിമാനവത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് നിലവിൽ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 

രക്ഷാ ദൗത്യത്തിനായുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും സംഘം റൊമേനിയയിൽ എത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിർത്തിക്കടുത്ത് താമസിക്കുന്നവർ ആദ്യം എത്തണമെന്നാണ് നിർദേശം. വാഹനത്തിൽ ഇന്ത്യൻ പതാക കെട്ടണം. അവശ്യ ചെലവിന് യുഎസ് ഡോളർ കയ്യിൽ കരുതണമെന്നും നിർദേശം നൽകിയിട്ടുണ്ട്.