കാഴ്ച പരിമിതിയുള്ള 14കാരനെ കനാലില്‍ തള്ളിയിട്ടു, മാതാവ് അറസ്റ്റില്‍; മകനായി തിരച്ചില്‍ 

ഭിന്നശേഷിക്കാരനായ മകനെ കനാലിലേക്ക് തള്ളിയിട്ട സംഭവത്തില്‍ മാതാവ് അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: ഭിന്നശേഷിക്കാരനായ മകനെ കനാലിലേക്ക് തള്ളിയിട്ട സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ഒഴുക്കില്‍പെട്ട കുട്ടിയെ കണ്ടെത്താനായിട്ടില്ല. കാഴ്ച പരിമിതിയുള്ള കുട്ടി, ലോക്ക്ഡൗണ്‍ സമയത്താണ് മാനസികാസ്വാസ്ഥ്യം കാണിക്കാന്‍ തുടങ്ങിയത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. നാഗാര്‍ജുന സാഗര്‍ പദ്ധതിയുടെ കനാലിലേക്കാണ് 14കാരനെ തള്ളിയിട്ടത്. സംഭവത്തില്‍ എന്‍ ശൈലജ എന്ന 36കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയുടെ ഭര്‍ത്താവ് ജീവനൊടുക്കിയിരുന്നു. വീട്ടുജോലിക്ക് പോയാണ് ശൈലജ 14കാരന്‍ അടക്കം മൂന്ന് കുട്ടികളെ സംരക്ഷിച്ചിരുന്നത്. രണ്ടാമത്തെ മകന്‍ ഗോപി ചന്ദിനാണ് ജന്മനാ കാഴ്ച്ചശക്തിയില്ലാത്തത്. ലോക്ക്ഡൗണ്‍ സമയത്ത് ഗോപി ചന്ദ് മാനസികാസ്വാസ്ഥ്യവും കാണിച്ചിരുന്നു.

ഗോപി രാത്രിയില്‍ ഉറങ്ങാതിരിക്കുന്നതും കുട്ടിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ചുള്ള ആശങ്കയും ശൈലജയെ അലട്ടിയിരുന്നതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച എന്‍എസ്പി പദ്ധതിക്ക് സമീപമെത്തിയ ശൈലജ മകനെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന കര്‍ഷകന്‍ സംഭവം കാണുകയും യുവാക്കളോട് കുട്ടിയെ രക്ഷപ്പെടുത്താന്‍ പറയുകയും ചെയ്‌തെങ്കിലും ഒഴുക്കില്‍പെട്ട് കുട്ടിയെ കാണാതായി. ശൈലജക്കെതിരെ കൊലപാതകശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com