രാജ്യത്ത് കോവിഡ് അതിതീവ്രവ്യാപനം; ഇന്നലെ ഒരുലക്ഷത്തിനടുത്ത് രോഗികള്‍;  325 മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2022 09:53 AM  |  

Last Updated: 06th January 2022 10:30 AM  |   A+A-   |  

covid CASES IN MAHARASHTRA

മുംബൈയിലെ തിരക്കേറിയ നഗരവീഥി

 

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിനകോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 90,928 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 19,206 പേര്‍ രോഗമുക്തി നേടി. 325 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ടിപിആര്‍ നിരക്ക് കുത്തനെ ഉയര്‍ന്ന് 6.43 ആയി

ചികിത്സയിലുള്ളവരുടെ എണ്ണം 2,85,401 ആയി. ഇതുവരെ 3,43,41,009 പേരാണ് രാജ്യത്ത് കോവിഡ് മുക്തരായത്. മരിച്ചവരുടെ എണ്ണം 4,82,876 ആയി. 148.67 ലക്ഷം പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

രാജ്യത്ത് ഒമൈക്രോണ്‍ രോഗികളുടെ എണ്ണം 2,630 ആയി. മഹാരാഷ്ട്രയില്‍ കൂടുതല്‍ രോഗികള്‍. 767 പേര്‍ക്കാണ് വൈറസ് ബാധ. ഡല്‍ഹി 465, രാജസ്ഥാന്‍ 236, കേരളം 234, കര്‍ണാടക 226, ഗുജറാത്ത് 204, തമിഴ്‌നാട് 121, തെലങ്കാന 94, ഹരിയാന 71, ഒഡീഷ 60 എന്നിവിടങ്ങളിലാണ് അന്‍പതിലധികം രോഗികള്‍ ഉള്ളത്.

മഹാരാഷ്ട്രയിലാണ് കൂടുതല്‍ രോഗികള്‍. ഇരുപത്തിനാല് മണിക്കൂറിനിടെ 26,358 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 87,505 ആയി. 5,331 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 797 ആയി. സംസ്ഥാനത്ത് കോവിഡ്, ഒമൈക്രോണ്‍ ബാധിതര്‍ ഏറ്റവും കൂടുതല്‍ മുംബൈയിലാണ്. മുംബൈയില്‍ മാത്രം ഇന്ന് 15,166 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

പശ്ചിമബംഗാളില്‍ ഇന്നലെ 14,022 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 17 പേര്‍ മരിച്ചു. 6438 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുളളവരുടെ എണ്ണം 33,042 ആയി. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് ബംഗാളിലാണ്.

ഡല്‍ഹിയില്‍ ഇന്നലെ 10,665 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ടിപിആര്‍ നിര്ക്ക് 11.88 ആയി.എട്ടുപേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത്. സജീവകേസുകള്‍ 23,307 ആണ്

കര്‍ണാടകയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 4246 പേര്‍ക്കാണ് വൈറസ് ബാധ. 2 പേര്‍ മരിച്ചു. 362 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ചികിത്സയിലുള്ളവര്‍ 17414 പേരാണ്.