മൂന്നാം തരംഗം തീവ്രം; കോവിഡ് ബാധിതര്‍ വീണ്ടും ഒരു ലക്ഷത്തിനു മുകളില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2022 09:54 AM |
Last Updated: 07th January 2022 09:54 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: മൂന്നാം തരംഗം തീവ്രമായതോടെ രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ 1,17,100 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കവിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 30,836 പേരാണ് രോഗമുക്തി നേടിയത്. 302 പേര്‍ ഈ സമയത്തിനിടെ വൈറസ് ബാധ മൂലം മരിച്ചു.
നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 3,71,363 ആണ്. കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 4,83,178 ആയി.
മഹാരാഷ്ട്രയില്‍ അതി തീവ്ര വ്യാപനം
24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 36,265 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 13 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.
മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിലാണ് ഏറ്റവുമധികം കേസുകള്‍. മുംബൈയില്‍ കോവിഡ് ബാധിതര്‍ 20,000 കടന്നു. 20,181 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. മുംബൈയിലെ പോസിറ്റിവിറ്റി നിരക്ക് 29.90 ശതമാനമാണ്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് മുംബൈയില്‍ കോവിഡ് കേസുകളില്‍ 33 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പുതിയ കേസുകളില്‍ 85 ശതമാനം പേര്‍ക്കും യാതൊരുവിധ രോഗലക്ഷണങ്ങളുമില്ല. 1170 പേര്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
തമിഴ്‌നാട്ടില്‍ പുതുതായി 6983 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 22,828 പേര്‍ ചികിത്സയില്‍ കഴിയുന്നതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.