'ആജീവനാന്ത ക്യാബിനറ്റ് പദവി'- കോൺ​ഗ്രസ് എംഎൽഎയെ ആദരിച്ച് ബിജെപി സർക്കാർ

'ആജീവനാന്ത ക്യാബിനറ്റ് പദവി'- കോൺ​ഗ്രസ് എംഎൽഎയെ ആദരിച്ച് ബിജെപി സർക്കാർ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പനാജി: ​​ഗോവയിൽ നിയമസഭാ സാമാജികനായി 50 വർഷം പൂർത്തിയാക്കിയ കോൺ​ഗ്രസ് എംഎൽഎയ്ക്ക് ബിജെപി സർക്കാരിന്റെ ആദരം. ആജീവനാന്ത ക്യാബിനറ്റ് പദവി നൽകിയാണ് സംസ്ഥാന സർക്കാർ കോൺ​ഗ്രസ് എംഎൽഎയെ ആദരിച്ചത്. ഗോവയുടെ മുൻ മുഖ്യമന്ത്രി പ്രതാപ് സിങ് റാണെയ്ക്കാണ് ആജീവനാന്ത ക്യാബിനറ്റ് മന്ത്രി പദവി നൽകാൻ ബിജെപി സർക്കാർ തീരുമാനിച്ചത്. 

ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു. നിലവിൽ പൊരിയം മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് റാണെ.

ഗോവ നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ മുൻ സ്പീക്കർ കൂടിയായ റാണെയ്ക്കുള്ള ആദരമാണ് ഈ സ്ഥിരം ക്യാബിനറ്റ് പദവി. മുഖ്യമന്ത്രിയോ സ്പീക്കറോ ആയിട്ടുള്ള, നിയമസഭയിൽ 50 വർഷം പൂർത്തിയാക്കുന്ന എംഎൽഎമാർക്ക് ഇനി മുതൽ  ഇത്തരത്തിൽ സ്ഥിരം ക്യാബിനറ്റ് പദവി നൽകുമെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി. 87 കാരനായ റാണെ 1987-2007 വർഷത്തിനിടയിൽ നാല് തവണ ഗോവയുടെ മുഖ്യമന്ത്രിയായിട്ടുണ്ട്. 

റാണെയുടെ മകൻ വിശ്വജിത് റാണെ നിലവിൽ ബിജെപി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയാണ്. രാഷ്ട്രീയത്തിൽ 50 വർഷം പൂർത്തിയാക്കിയ അച്ഛനെ ആദരിച്ചതിൽ ഗോവൻ സർക്കാരിനോട് ഒരുപാട് നന്ദിയുണ്ടെന്ന് വിശ്വജിത് ട്വീറ്റ് ചെയ്തു. 

ഈ വർഷം ആദ്യം രാജ്യത്തെ മറ്റു നാല് സംസ്ഥാനങ്ങൾക്കൊപ്പം ഗോവയിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയുടെ നാടകീയ നീക്കം. പൊരിയം മണ്ഡലത്തിൽ അച്ഛനും മകനും നേർക്കുനേർ ഏറ്റുമുട്ടിയേക്കും എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നേർക്കുനേർ മത്സരം വന്നാൽ 11,000ത്തിലേറെ വോട്ടുകൾക്ക് താൻ അച്ഛനെ പരാജയപ്പെടുത്തുമെന്നും വിശ്വജിത്ത് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com