പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച: കേന്ദ്ര, സംസ്ഥാന അന്വേഷണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കോടതി നിര്‍ദേശം നല്‍കി
പ്രധാനമന്ത്രി ഫ്ലൈഓവറിൽ കുടുങ്ങിയപ്പോൾ/ എഎൻഐ
പ്രധാനമന്ത്രി ഫ്ലൈഓവറിൽ കുടുങ്ങിയപ്പോൾ/ എഎൻഐ

ന്യൂഡല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിലുണ്ടായ വീഴ്ചയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന അന്വേഷണം മരവിപ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. തിങ്കളാഴ്ച വരെ അന്വേഷണ നടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രജിസ്ട്രാര്‍ ജനറലുമായി സഹകരിക്കണം. പ്രധാനമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും രജിസ്ട്രാര്‍ക്കു കൈമാറണം. ഇതില്‍ നോഡല്‍ ഓഫിസര്‍മാരായി എന്‍ഐഎയില്‍നിന്ന് ഒരാളെയും ചണ്ഡിഗഢ് ഡയറക്ടര്‍ ജനറലിനെയും നിയോഗിക്കാമെന്നും കോടതി പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നത് ഉത്തരവായി ഇറക്കണമെന്ന് പഞ്ചാബ് അഡ്വക്കേറ്റ് ജനറള്‍ ഡിഎസ് പട്വാലിയ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ സമിതി ഇതിനകം തന്നെ ഡിജിപിക്കും സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് നല്‍കിക്കഴിഞ്ഞെന്ന് എജി പറഞ്ഞു.

കേന്ദ്രം സമിതിയെ നിയോഗിച്ചത് ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി ആണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com