ഡിജിലോക്കറിലെ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ഷീറ്റുകളും അംഗീകൃത രേഖയായി കാണണം; സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം

ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന മാര്‍ക്ക് ഷീറ്റുകളും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും അംഗീകൃത രേഖയായി എല്ലാ സര്‍വകലാശാലകളും കോളജുകളും കാണണമെന്ന് യുജിസി നിര്‍ദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന മാര്‍ക്ക് ഷീറ്റുകളും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും അംഗീകൃത രേഖയായി എല്ലാ സര്‍വകലാശാലകളും കോളജുകളും കാണണമെന്ന് യുജിസി നിര്‍ദേശം.  വിവിധ അക്കാദമിക സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നാഷണല്‍ അക്കാദമിക് ഡെപ്പോസിറ്ററി എന്ന ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് സൂക്ഷിക്കുന്നത്. ബാഹ്യമായ ഇടപെടലിന് അവസരം നല്‍കാതെ വിവിധ അക്കാദമിക സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്ന സേവനമാണ് നാഷണല്‍ അക്കാദമിക് ഡെപ്പോസിറ്ററി നിര്‍വഹിക്കുന്നതെന്ന് സര്‍വകലാശാലകള്‍ക്ക് യുജിസി അയച്ച കത്തില്‍ പറയുന്നു.

ഡിജിലോക്കറുമായി സഹകരിച്ച് നാഷണല്‍ അക്കാദമിക് ഡെപ്പോസിറ്ററി പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം യുജിസിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. യാതൊരുവിധ ഫീസും ഈടാക്കാതെ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുകയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഡിജിലോക്കര്‍ എന്‍എഡി പോര്‍ട്ടല്‍ വഴി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലായി അപ്ലോഡ് ചെയ്യണമെന്ന് യുജിസി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഡിജിലോക്കര്‍ എന്‍എഡി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

2000ലെ വിവര സാങ്കേതികവിദ്യ നിയമം അനുസരിച്ച് ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകൃത രേഖയാണ്. നാഷണല്‍ അക്കാദമിക് ഡെപ്പോസിറ്ററി പദ്ധതി നടപ്പാക്കുന്നതിന് ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍വകലാശാലകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തയ്യാറാവണമെന്നും യുജിസിയുടെ കത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com