പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; അന്വേഷിക്കാന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തില്‍ സമിതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2022 11:25 AM  |  

Last Updated: 12th January 2022 11:25 AM  |   A+A-   |  

pm modi panjab

പഞ്ചാബ് സന്ദര്‍ശനത്തിനിടെപ്രധാനമന്ത്രി ഫ്ലൈഓവറിൽ കുടുങ്ങിയപ്പോൾ/ എഎൻഐ

 

ന്യൂഡല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ അന്വേഷണത്തിന് സുപ്രീം കോടതി സ്വതന്ത്ര സമിതിയെ നിയോഗിച്ചു. സുപ്രീം കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് സമിതിക്കു നേതൃത്വം നല്‍കുക. 

ദേശീയ അന്വേഷണ ഏജന്‍സി ഡയറക്ടര്‍ ജനറല്‍, പഞ്ചാബ് ഡിജി, പഞ്ചാബ് ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. സുരക്ഷാ വീഴ്ചയുടെ കാരണം, ഉത്തരവാദികളാര് എന്നീ കാര്യങ്ങള്‍ അന്വേഷിക്കുന്ന സമിതി ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവയ്ക്കും.

കേന്ദ്ര, സംസ്ഥാന അന്വേഷണങ്ങള്‍ വേണ്ട

സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ കേന്ദ്രവും സംസ്ഥാനവും സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തേണ്ടതില്ലെന്നു സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പരസ്പരം കുറ്റപ്പെടുത്തുന്ന നിലപാടാണ് പഞ്ചാബ് സര്‍ക്കാരും കേന്ദ്രവും കോടതിയില്‍ സ്വീകരിച്ചത്.

പ്രധാനമന്ത്രിയുടെ സുരക്ഷയിലുണ്ടായ വീഴ്ചയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന അന്വേഷണം മരവിപ്പിക്കാന്‍ കേസിന്റെ വാദത്തിനിടെ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചു. രേഖകള്‍ കൈമാറിയതായി ഇന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേന്ദ്രം സമിതിയെ നിയോഗിച്ചത് ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി ആണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.