രാജ്യത്തിന്റെ വന വിസ്തൃതി വര്‍ധിച്ചു, രണ്ടുവര്‍ഷത്തിനിടെ 2261 ചതുരശ്ര കിലോമീറ്റര്‍ കൂടി കാടായി; ആന്ധ്ര ഒന്നാം സ്ഥാനത്ത്

കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 33ശതമാനത്തിന് മുകളില്‍ വനമാണ്‌ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വന വിസ്തൃതി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രണ്ടുവര്‍ഷത്തിനിടെ വന വിസ്തൃതിയില്‍ 2261 ചതുരശ്ര കിലോമീറ്ററുടെ വര്‍ധന ഉണ്ടായതായി ഫോറസ്റ്റ് സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഇന്ത്യന്‍ സ്‌റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു വര്‍ഷം കൂടുമ്പോള്‍ പുറത്തിറക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് പ്രകാശനം ചെയ്തത്.

സംസ്ഥാനങ്ങള്‍ക്കിടയില്‍ ആന്ധ്രയിലാണ് ഏറ്റവുമധികം മുന്നേറ്റം ഉണ്ടായത്. 647 ചതുരശ്ര കിലോമീറ്റര്‍ കൂടി വനം വര്‍ധിച്ചു. വനസംരക്ഷണത്തിന് നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചതെന്ന് ഭൂപേന്ദര്‍ യാദവ് പറഞ്ഞു. ഗ്രീന്‍ മിഷന്റെ രണ്ടാം ഘട്ടത്തിലേക്ക് രാജ്യം കടന്നു. 2030ഓടേ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് ഗണ്യമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

8 കോടി ഹെക്ടറാണ് രാജ്യത്തിന്റെ വന വിസ്തൃതി.ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 24 ശതമാനം വനമാണ്.ആന്ധ്ര കഴിഞ്ഞാല്‍ രണ്ടുവര്‍ഷത്തിനിടെ വനം വച്ചുപിടിപ്പിച്ചതില്‍ തെലങ്കാനയും ഒഡീഷയും കര്‍ണാടകയും ഝാര്‍ഖണ്ഡുമാണ് മുന്‍നിരയില്‍. തെലങ്കാനയില്‍ 632 ചതുരശ്ര കിലോമീറ്റര്‍ വനമാണ് വര്‍ധിച്ചത്. 

വന വിസ്തൃതിയുടെ കാര്യത്തില്‍ മധ്യപ്രദേശാണ് മുന്നില്‍. ഏറ്റവും കൂടുതല്‍ വനമുള്ളത് മധ്യപ്രദേശിലാണ്. അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. അരുണാചല്‍ പ്രദേശ്, മേഘാലയ, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, മിസോറാം എന്നിവിടങ്ങളില്‍ ഭൂവിസ്തൃതിയുടെ 75 ശതമാനത്തിലധികം വനമാണ്. കേരളം ഉള്‍പ്പെടെ 12 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങള്‍ 33 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന വിസ്തൃതി കുറയുന്നതില്‍ റിപ്പോര്‍ട്ട് ആശങ്ക രേഖപ്പെടുത്തുന്നു. അരുണാചല്‍ പ്രദേശില്‍ 257 ചതുരശ്ര കിലോമീറ്റര്‍ വനം നഷ്ടമായി. മണിപ്പൂരിലും നാഗാലാന്‍ഡിലും മിസോറാമിലും വനവിസ്തൃതി കുറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com