വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍?; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2022 06:33 AM |
Last Updated: 13th January 2022 06:35 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വൈകീട്ട് 4.30 നാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേരുന്ന യോഗത്തില്‍, വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തും.
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന് പുറമെ, പുതിയ വകഭേദമായ ഒമൈക്രോണും രാജ്യത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. ഈ വര്‍ഷം പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ ആദ്യ യോഗമാണിത്. രാജ്യവ്യാപകമായി വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ല.
പ്രാദേശിക നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും
അതേസമയം ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് പ്രതിരോധിക്കുക ലക്ഷ്യമിട്ട് പ്രാദേശിക അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയേക്കും. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കിയേക്കും.
രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രണ്ടരലക്ഷത്തിലേക്ക് അടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാജ്യത്ത് 1,94,720 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 442 പേര്‍ വൈറസ് ബാധ മൂലം മരിച്ചു. നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 9.55.319 ആണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.05 ശതമാനമായി ഉയര്‍ന്നു.