'വലിയ പാര്‍ട്ടിക്കാരുടെ പ്രവര്‍ത്തന രീതി അറിയില്ല'; ബിജെപിയുടെ പരിഹാസം, മലര്‍ന്നു കിടന്നു തുപ്പരുതെന്ന് ജെഡിയു, ബിഹാറില്‍ പോര് രൂക്ഷം

ബിഹാറില്‍ ബിജെപിയും ജെഡിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. നേതാക്കള്‍ തമ്മിലുള്ള വാക്‌പ്പോര് സാമൂഹ്യ മാധ്യമങ്ങളിലേക്കും നീണ്ടിരിക്കുകയാണ്
നീതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം/ഫയല്‍
നീതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം/ഫയല്‍


പട്‌ന: ബിഹാറില്‍ ബിജെപിയും ജെഡിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. നേതാക്കള്‍ തമ്മിലുള്ള വാക്‌പ്പോര് സാമൂഹ്യ മാധ്യമങ്ങളിലേക്കും നീണ്ടിരിക്കുകയാണ്. ബിജെപി ഒബിസി മോര്‍ച്ച വര്‍ക്കിങ് പ്രസിഡന്റ് നിഖില്‍ ആനന്ദിന്റെ പുതിയ ട്വീറ്റ് ജെഡിയു നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. 'വലിയ പാര്‍ട്ടികളുടെ പ്രവര്‍ത്തന ശൈലി ചെറിയ ഗ്രൂപ്പുകള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല' എന്നാണ് ആനന്ദ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അവര്‍ ചെറുതാണോ എന്നതിനെക്കുറിച്ച് ഇത്തരക്കാര്‍ക്ക് അറിവില്ലെന്നും അവര്‍ക്ക് പുതിയൊരിടം തേടേണ്ടിവരുന്ന ദിവസം വിദൂരമല്ലെന്ന് തോന്നുന്നു എന്നും ആനന്ദ് കുറിച്ചു. 

74 സീറ്റ് നേടി വലിയ കക്ഷിയായിട്ടും 45 സീറ്റിലൊതുങ്ങിയ നിതീഷ് കുമാറിന്റെ ജെഡിയുവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയതില്‍ ബിജെപിക്കുള്ളില്‍ വലിയ അമര്‍ഷമുണ്ട്. ഇത് വ്യക്തമാക്കുന്നതാണ് ആനന്ദിന്റെ പ്രതികരണം. 

'മലര്‍ന്നുകിടന്നു തുപ്പിയാല്‍ അത് നിങ്ങളുടെ മുഖത്ത് തന്നെ വീഴും'  എന്നാണ് ഇതിന് മറുപടിയായി ജെഡിയു വക്താവ് അഭിഷേക് ഝാ ട്വിറ്ററില്‍ കുറിച്ചത്. 

ചംപാരനിലുണ്ടായ വ്യാജമദ്യ ദുരനത്തില്‍ നിരവധിപേര്‍ മരിച്ചതിന് പിന്നാലെയാണ് ബിജെപിയും ജെഡിയുവും തമ്മില്‍ വീണ്ടും പോര് രൂക്ഷമായത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയായ നളന്ദയിലുണ്ടായ ദുരന്തത്തില്‍ 12പേര്‍ മരിച്ചിരുന്നു. മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് അഗര്‍വാള്‍, മുഖ്യമന്ത്രിയുടെ മദ്യനിരോധന നയത്തെ ചോദ്യം ചെയ്തിരുന്നു. 

മദ്യനിരോധനമാണെങ്കിലും സംസ്ഥാനത്ത് വ്യാജ മദ്യങ്ങള്‍ സുലഭമാണെന്നാണ് ബിജെപി വിമര്‍ശനം. മാഫിയയും ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com