വിരല്‍ മുറിഞ്ഞ് ആശുപത്രിയില്‍ പോയി; വീട്ടിലേക്ക് മടങ്ങുന്നതിനിടെ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2022 10:44 AM  |  

Last Updated: 17th January 2022 10:44 AM  |   A+A-   |  

Telangana man on bike dies

പ്രതീകാത്മക ചിത്രം

 

ഹൈദരാബാദ്: തെലങ്കാനയില്‍ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് സംഭവം നടന്നത്. കഴുത്തുമുറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മഞ്ചേരിയല്‍ നഗരത്തില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. 39 വയസ്സുള്ള ഭീമയ്യയാണ് മരിച്ചത്. തൊഴിലാളിയായ ഭീമയ്യയുടെ വിരലിന് പരിക്കേറ്റു. ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയി ഭാര്യയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങിയത്. 

പാലം കടക്കുന്നതിനിടെ മരത്തില്‍ തൂങ്ങിക്കിടന്നിരുന്ന പട്ടം കഴുത്തില്‍ കുരുങ്ങുകയായിരുന്നു.  പാലം കടന്ന് ഉടന്‍ തന്നെ ഭര്‍ത്താവ് ബൈക്ക് നിര്‍ത്തിയതായി ശാരദ പറയുന്നു. നോക്കുമ്പോള്‍ കഴുത്തില്‍ പട്ടത്തിന്റെ നൂല്‍ കുരുങ്ങി കിടക്കുന്നതാണ് കണ്ടത്. കഴുത്തില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. 

ഈസമയം അതുവഴി കടന്നുവന്ന മറ്റൊരു ബൈക്ക് യാത്രക്കാരന്റെ സഹായത്തോടെ കഴുത്തില്‍ കുരുങ്ങിയ പട്ടത്തിന്റെ നൂല് മാറ്റി. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചതായി പൊലീസ് പറയുന്നു. കഴിഞ്ഞദിവസം മധ്യപ്രദേശിലും സമാനമായ സംഭവം ഉണ്ടായിരുന്നു. പട്ടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികയാണ് മരിച്ചത്.