'മഹാരാഷ്ട്ര മോഡല്‍ വേണ്ട'; ഗോവയില്‍ പവാറിനെയും മാറ്റി നിര്‍ത്തി കോണ്‍ഗ്രസ്, സഖ്യമായി മത്സരിക്കാന്‍ ശിവസേനയും എന്‍സിപിയും

ഗോവയില്‍ എന്‍സിപിയുമായും ശിവസേനയുമായും സഖ്യമുണ്ടാക്കാന്‍ വിസ്സമ്മതിച്ച് കോണ്‍ഗ്രസ്
ശരദ് പവാര്‍, ഉദ്ദവ് താക്കറെ/പിടിഐ
ശരദ് പവാര്‍, ഉദ്ദവ് താക്കറെ/പിടിഐ


പനാജി: ഗോവയില്‍ എന്‍സിപിയുമായും ശിവസേനയുമായും സഖ്യമുണ്ടാക്കാന്‍ വിസ്സമ്മതിച്ച് കോണ്‍ഗ്രസ്. ചര്‍ച്ച പരാജയപ്പെട്ടതോടെ, ശിവസേനയും എന്‍സിപിയും സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചു. നിലവില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുമായാണ് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി മാതൃകയില്‍ സഖ്യമുണ്ടാക്കാനായിരുന്നു ശ്രമം. എന്നാല്‍ കോണ്‍ഗ്രസ് ഈ നീക്കത്തോട് മുഖംതിരിക്കുകയായിരുന്നു. 

'ശിവസേനയും എന്‍സിയും മഹാരാഷ്ട്ര മാതൃകയില്‍ സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ല' എന്ന് ശിവസേന വക്താവും എംപിയുമായ സഞ്ജയ് റൗത്ത് പറഞ്ഞു. ശിവസേനയുമായി സഖ്യത്തില്‍ മത്സരിക്കുമെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലും വ്യക്തമാക്കിയിട്ടുണ്ട്. സഖ്യ സാധ്യതകള്‍ക്കായി സഞ്ജയ് റൗത്ത് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായും ചര്‍ച്ച നടത്തിയിരുന്നു.

നേരത്തെ, എന്‍സിപി-കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തൃണമൂലും എഎപിയും ബിജെപിയെ സഹായിക്കാനാണ് ഗോവയില്‍ മത്സരിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 

ഗോവയില്‍ പ്രധാന പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. ബിജെപി ഭരണത്തിന് മാറ്റം ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും കോണ്‍ഗ്രസിന് വോട്ട് ചെയ്യും എന്നാണ് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞത്. 

അതേസമയം, സഖ്യനീക്കത്തിന് എതിര് നില്‍ക്കുന്ന കോണ്‍ഗ്രസിന് എതിരെ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. സഖ്യത്തിന് തങ്ങള്‍ തയ്യാറായിരുന്നെന്നും എന്നാല്‍ കോണ്‍ഗ്രസ് ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത് എന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവമ മൊയ്ത്ര പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് നിരവധി എംഎല്‍എമാരും നേതാക്കളുംം തൃണമൂലില്‍ ചേര്‍ന്നിരുന്നു. ഇതാണ് കോണ്‍ഗ്രസിനെ ടിഎംസിയുമായി ഒരു സഹകരണവും വേണ്ടെന്ന തീരുമാനത്തിലേക്ക് നയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com