യോഗ്യത വിലയിരുത്തുമ്പോള്‍ സാമൂഹ്യ സാഹചര്യങ്ങളും പരിഗണിക്കണം, സംവരണം യോഗ്യതയ്ക്കു വിരുദ്ധമല്ല: സുപ്രീം കോടതി

ചില വിഭാഗങ്ങളുടെ സാമൂഹ്യ, സാസമ്പത്തിക മുന്നാക്കാവസ്ഥ മത്സര പരീക്ഷകളില്‍ പ്രതിഫലിക്കുന്നില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം യോഗ്യത അനുസരിച്ചുള്ള പ്രവേശനത്തിനു വിരുദ്ധമല്ലെന്ന് സുപ്രീം കോടതി. യോഗ്യതയെ സാമൂഹ്യ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ വേണം വിലയിരുത്താനെന്ന് കോടതി ചൂണ്ടിക്കാട്ടി. മെഡിക്കല്‍ അഖിലേന്ത്യാ പ്രവേശനത്തിലെ പിന്നാക്ക സംവരണം ശരിവച്ച വിധിയിയാണ്, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡിന്റെയും എഎസ് ബൊപ്പണ്ണയുടെയും നിരീക്ഷണം.

പൂര്‍ണമായ തുല്യതയെക്കുറിച്ചാണ് ഭരണഘടനയുടെ 15 (4), 15 (5) അനുച്ഛേദങ്ങളില്‍ പറയുന്നത്. ചില വിഭാഗങ്ങളുടെ സാമൂഹ്യ, സാസമ്പത്തിക മുന്നാക്കാവസ്ഥ മത്സര പരീക്ഷകളില്‍ പ്രതിഫലിക്കുന്നില്ല. യോഗ്യത എന്നത് സാമൂഹ്യ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ വേണം വിലയിരുത്തേണ്ടത്. സംവരണം യോഗ്യതയ്ക്കു വിരുദ്ധമല്ല, മറിച്ച് അതിനെ കൂടുതല്‍ വിതരണാത്മകമാക്കുകയാണ് ചെയ്യുന്നത്- കോടതി പറഞ്ഞു.

മെഡിക്കല്‍ പ്രവേശനത്തിലെ അഖിലേന്ത്യാ ക്വാട്ടയില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കോടതിയുടെ അനുമതി തേടേണ്ടതില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അഖിലേന്ത്യാ ക്വാട്ടയില്‍ 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെ കോടതി ശരിവയ്ക്കുന്നു. അത് ഭരണഘടനാപരമായി സാധുവാണെന്ന് കോടതി പറഞ്ഞു. 

മുന്നാക്ക സംവരണത്തിനുള്ള മാനദണ്ഡങ്ങളില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് നേരത്തെ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷത്തെ പ്രവേശനത്തെ ബാധിക്കുമെന്നതിനാല്‍ നിലവിലെ മാനദണ്ഡം തുടരാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി അനുമതി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com