'ഇതു പകപോക്കല്‍'; ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തത് സുപ്രീം കോടതി റദ്ദാക്കി

അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള നിയമസഭയുടെ പ്രമേയം പകപോക്കലാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ഇതു നിയമപരമായി നിലനില്‍ക്കില്ല
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ പന്ത്രണ്ട് ബിജെപി എംഎല്‍എമാരെ ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്ത നിയമസഭാ പ്രമേയം സുപ്രീം കോടതി റദ്ദാക്കി. ഒരു സമ്മേളന കാലയളവിലേക്കു മാത്രമേ സസ്‌പെന്‍ഷന്‍ നിലനില്‍ക്കൂവെന്ന് ജസ്റ്റിസുമാരായ എഎന്‍ ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. 

സ്പീക്കര്‍ ഭാസ്‌കര്‍ ജാദവിനെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് മണ്‍സൂണ്‍ സമ്മേളനത്തിനിടെ പന്ത്രണ്ട് ബിജെപി അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരെ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള നിയമസഭയുടെ പ്രമേയം പകപോക്കലാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ഇതു നിയമപരമായി നിലനില്‍ക്കില്ല. പരാതിക്കാര്‍ക്ക് നിയമസഭാംഗങ്ങള്‍ എന്ന നിലയ്ക്കുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടെന്ന് കോടതി പറഞ്ഞു.

ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്ത നിയമസഭയുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്നാണ് എംഎല്‍എമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. സ്പീക്കറെ കൈയേറ്റം ചെയ്തിട്ടില്ലെന്നും മോശം ഭാഷയില്‍ സംസാരിച്ചിട്ടില്ലെന്നും അവകാശപ്പെട്ട ഇവര്‍ നിരുപാധിക മാപ്പപേക്ഷ നല്‍കിയിരുന്നതായും കോടതിയെ അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇതു നിഷേധിക്കുകയായിരുന്നെന്നും എംഎല്‍എമാര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com