'പല ഇന്ത്യക്കാരും സ്ത്രീകളെ മനുഷ്യരായിപ്പോലും പരിഗണിക്കുന്നില്ല'; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2022 02:15 PM  |  

Last Updated: 31st January 2022 02:15 PM  |   A+A-   |  

rahul gandhi visit

രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതതാവ് രാഹുല്‍ ഗാന്ധി. പല ഇന്ത്യക്കാരും സ്ത്രീകളെ മനുഷ്യരായിപ്പോലും പരിഗണിക്കുന്നില്ല എന്നത് കയ്‌പ്പേറിയ സത്യമാണ്' എന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നത് സമൂഹത്തിന്റെ വികൃതമായ മുഖമാണ് തുറന്നു കാണിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. 

സംഭവത്തില്‍ ഇതുവരെ എട്ട് സ്ത്രീകള്‍ അടക്കം രതിനൊന്നുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടിട്ടുണ്ട്. യുവതി നവംബര്‍ മുതല്‍ തന്നെ തുടര്‍ച്ചയായി വേട്ടയാടപ്പെട്ടിരുന്നെന്ന് കഴിഞ്ഞദിവസം സഹോദരി വെളിപ്പെടുത്തിയിരുന്നു. അയല്‍പക്കത്തുള്ള യുവാവിന്റെ പ്രണയം യുവതി നിരസിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ആത്മഹത്യ ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. യുവാവ് ആത്മഹത്യ ചെയ്തതിന് യുവതിയോട് പ്രതികാരം ചെയ്യുകയായിരുന്നുവെന്നും സഹോദരി പറഞ്ഞു.

സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ നടപടി ആവശ്യപ്പെട്ട് പൊലീസിന് കത്തയച്ചിട്ടുണ്ടെന്ന് ഡല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ നേരത്തെ ട്വിറ്റ് ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ വഴി കേസിനെ സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യര്‍ഥിച്ചു.

സംഭവത്തെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നതായും യുവതി ആത്മഹത്യ ചെയ്തുവെന്ന രീതിയില്‍ ചിലര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. യുവതി സുരക്ഷിതയാണെന്നും അവള്‍ക്ക് സാധ്യമായ എല്ലാ സഹായവും കൗണ്‍സിലിങ്ങും നല്‍കുന്നുണ്ടെന്നും ഷഹ്ദര മേഖലയിലെ ഡെപ്യൂട്ടി പൊലീസ് കമീഷണറായ ആര്‍ സത്യസുന്ദരം പറഞ്ഞു.