നടുറോഡില്‍ കുഴി, മുന്നറിയിപ്പ് ബോര്‍ഡ് വെയ്ക്കുന്നതിനിടെ ചീറിപ്പാഞ്ഞുവന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം-വീഡിയോ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2022 04:33 PM  |  

Last Updated: 13th July 2022 04:33 PM  |   A+A-   |  

accident

ഹൈദരാബാദില്‍ യുവാവിനെ കാര്‍ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യം

 

ഹൈദരാബാദ്:  റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് വെയ്ക്കുന്നതിനിടെ പിന്നില്‍ നിന്ന് ചീറിപ്പാഞ്ഞ് വന്ന കാര്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മുഹമ്മദ് സഹീദാണ് മരിച്ചത്.

ഹൈദരാബാദില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സൊഹെയ്ല്‍ ഹോട്ടലിലെ ജീവനക്കാരനായ മുഹമ്മദ് സഹീദിനെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. റോഡിന്റെ നടുവിലെ വലിയ കുഴി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അപകടം ഒഴിവാക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡ് ശരിയായി വെയ്ക്കുന്നതിനിടെയാണ്് അപകടം നടന്നത്.

ഇക്കാര്യം ശ്രദ്ധിക്കാതെ പിന്നില്‍ നിന്ന് അമിത വേഗതയില്‍ വന്ന കാര്‍ യുവാവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.  ഇലക്ട്രിസിറ്റി വകുപ്പാണ് അറ്റകുറ്റപ്പണിയുടെ ഭാഗമായി കുഴി കുത്തിയത്. കുഴിയുടെ മുന്നിലായി ട്രാഫിക് പൊലീസ് മുന്നറിയിപ്പ് ബോര്‍ഡ് വച്ചിരുന്നു.

 

ഇത് അലക്ഷ്യമായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് ഇത് ശരിയായി വെയ്ക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് പൊലീസ് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കനത്ത മഴ; കുത്തിയൊലിച്ച് വെള്ളം; പുഴയായി ബസ് സ്റ്റാന്‍ഡ്; വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ