മദ്രാസ് ഹൈക്കോടതി/ഫയല്‍
മദ്രാസ് ഹൈക്കോടതി/ഫയല്‍

വേര്‍പിരിഞ്ഞ പങ്കാളി മക്കളെ കാണാനെത്തുമ്പോള്‍ അതിഥിയായി കണക്കാക്കണം: ഹൈക്കോടതി

പങ്കാളികളില്‍ ഒരാള്‍ മറ്റൊരാളെക്കുറിച്ച് കുട്ടികളോടു മോശമായി പറയുന്നതും വിദ്വേഷം ജനിപ്പിക്കുന്നതും കുട്ടികളോടുള്ള ക്രൂരത

ചെന്നൈ: വിവാഹബന്ധം വേര്‍പെടുത്തിയ ഭര്‍ത്താവ് മക്കളെ കാണാനെത്തുമ്പോള്‍ അതിഥിയായി കണക്കാക്കണമെന്ന് ഭാര്യയോട് മദ്രാസ് ഹൈക്കോടതി. പങ്കാളികള്‍ തമ്മിലുള്ള പ്രശ്‌നം കുട്ടികളോടുള്ള പെരുമാറ്റത്തില്‍ പ്രകടമാവരുതെന്ന് വ്യക്തമാക്കിയാണ് കോടതി നിര്‍ദേശം. 

പങ്കാളികളില്‍ ഒരാള്‍ മറ്റൊരാളെക്കുറിച്ച് കുട്ടികളോടു മോശമായി പറയുന്നതും വിദ്വേഷം ജനിപ്പിക്കുന്നതും കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കുമെന്ന് ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി വിധന്യായത്തില്‍ വ്യക്തമാക്കി. അച്ഛനമ്മമാര്‍ തമ്മിലുള്ള സ്‌നേഹനിര്‍ഭരമായ ബന്ധം കുട്ടിയുടെ അവകാശമാണെന്ന് കോടതി വിലയിരുത്തി.

ചെന്നൈയിലെ പാര്‍പ്പിടസമുച്ചയത്തില്‍ അമ്മയോടൊപ്പം കഴിയുന്ന മകളെ ആഴ്ചയില്‍ രണ്ടുദിവസം വൈകുന്നേരങ്ങളില്‍ സന്ദര്‍ശിക്കാന്‍ അതേ സമുച്ചയത്തിന്റെ മറ്റൊരു ഭാഗത്ത് താമസിക്കുന്ന അച്ഛന് കോടതി അനുമതി നല്‍കി. അച്ഛന്‍ കാണാനെത്തുമ്പോള്‍ ചായയും ഭക്ഷണവും നല്‍കണമെന്നും മകളോടൊപ്പം ഇരുവരും അത് കഴിക്കണമെന്നും അമ്മയോട് കോടതി നിര്‍ദേശിച്ചു. പത്തുവയസ്സുമാത്രമുള്ള മകളുടെ മുന്നില്‍വെച്ച് മോശമായി പെരുമാറിയാല്‍ കര്‍ശനനടപടി നേരിടേണ്ടിവരുമെന്ന് ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

വിവാഹമോചനം നേടിയ പങ്കാളി മക്കളെ കാണാനെത്തുമ്പോള്‍ പലപ്പോഴും നല്ല പെരുമാറ്റം ലഭിക്കാറില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വിദ്വേഷം എന്ന വികാരം കുട്ടികളുടെ മനസ്സിലേക്ക് സ്വാഭാവികമായി കടന്നുചെല്ലുന്ന ഒന്നല്ല. കുട്ടികളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണത്. മാതാപിതാക്കള്‍ തമ്മിലുള്ള സ്‌നേഹപൂര്‍ണമായ ബന്ധം ഓരോ കുട്ടിയുടെയും അവകാശമാണ്. മാതാപിതാക്കളില്‍ ഒരാളെക്കുറിച്ച് മറ്റേയാള്‍ മക്കളുടെ മനസ്സില്‍ വിദ്വേഷം ജനിപ്പിക്കുന്നത് ശിശുപീഡനമാണ്. ബന്ധം വേര്‍പെടുത്തിയയാളോട് സ്‌നേഹത്തോടെ പെരുമാറാന്‍ പറ്റിയില്ലെങ്കിലും അയാളെ അതിഥിയായി പരിഗണിക്കാനാകണം. അതിഥി ദേവോ ഭവ എന്ന സങ്കല്പമനുസരിച്ച് അയാളോട് നന്നായി പെരുമാറണം കോടതി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com