'അവര്‍ ആരെ വേണമെങ്കിലും വിളിക്കട്ടെ, ഞങ്ങളെന്തിനാണ് ചോര്‍ത്തുന്നത്?'; മാര്‍ഗരറ്റ് ആല്‍വയുടെ ആരോപണം ബാലിശമെന്ന് കേന്ദ്രമന്ത്രി

ഭരണപക്ഷ എംപിമാരോട് വോട്ടു തേടിയതിന് പിന്നാലെ തന്റെ മൊബൈല്‍ സിം പ്രവര്‍ത്തനരഹിതമായെന്ന പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയുടെ ആരോപണം തള്ളി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
മാര്‍ഗരറ്റ് ആല്‍വ/പിടിഐ
മാര്‍ഗരറ്റ് ആല്‍വ/പിടിഐ

ന്യൂഡല്‍ഹി: ഭരണപക്ഷ എംപിമാരോട് വോട്ടു തേടിയതിന് പിന്നാലെ തന്റെ മൊബൈല്‍ സിം പ്രവര്‍ത്തനരഹിതമായെന്ന പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയുടെ ആരോപണം തള്ളി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. മാര്‍ഗരറ്റ് ആല്‍വയുടെ ആരോപണം ബാലിശമാണെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാവായ മാര്‍ഗരറ്റ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ പറയാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

' എന്തിനാണ് അവരുടെ ഫോണ്‍ ചോര്‍ത്തുന്നത്? അവര്‍ ആരെ വേണമെങ്കിലും വിളിക്കട്ടെ. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. ഇതൊരു ബാലിശമായ ആരോപണമാണ്. മുതിര്‍ന്ന വ്യക്തിയായ അവര്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കരുത്. '-പ്രഹ്ലാദ് ജോഷി പറഞ്ഞു. 

എന്‍ഡിഎ നേതാക്കളെ വിളിച്ച് വോട്ട് തേടിയതിന് പിന്നാലെ ആരെയും വിളിക്കാനോ കോളുകള്‍ സ്വീകരിക്കാനോ കഴിയുന്നില്ല എന്നായിരുന്നു മാര്‍ഗരറ്റ് ആല്‍വയുടെ ആരോപണം.  പൊതുമേഖല ടെലിഫോണ്‍ സേവന ദാതാവായ എംടിഎന്‍എല്‍ തന്റെ സിം കാര്‍ഡ് ബ്ലോക്ക് ചെയ്‌തെന്നും മാര്‍ഗരറ്റ് പറയുന്നു. തന്റെ കെവൈസി സസ്‌പെന്റ് ചെയ്‌തെന്നും 24 മണിക്കൂറിനുള്ളില്‍ സിം കട്ട് ചെയ്യുമെന്നും വ്യക്തമാക്കുന്ന സന്ദേശം ലഭിച്ചെന്നും മാര്‍ഗരറ്റ് ആല്‍വ കൂട്ടിച്ചേര്‍ത്തു. 

സിം പ്രവര്‍ത്തനസജ്ജമായാല്‍, ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി തുടങ്ങിയ കക്ഷികളിലെ നേതാക്കളെ ഇനി ബുദ്ധിമുട്ടിക്കില്ലെന്നും മാര്‍ഗരറ്റ് ആല്‍വ വ്യക്തമാക്കി.

അതേസമയം, മാര്‍ഗരറ്റ് ആല്‍വ സൈബര്‍ തട്ടിപ്പിന് വിധേയമായിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ നിഗമനം. കെവൈസി ചോദിച്ചുകൊണ്ട് എംടിഎന്‍എല്‍ മെസ്സേജ് ചെയ്യില്ലെന്നും ഇത് സൈബര്‍ തട്ടിപ്പാണെന്നും നേരത്തെ തന്നെ ഡല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

എംടിഎന്‍എല്‍ ഔദ്യോഗിക നമ്പറുകളും ലോഗോകളും ദുരുപയോഗം ചെയ്ത് നിരവധി സൈബര്‍ തട്ടിപ്പുകള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് പറഞ്ഞിരുന്നു. 

ഇത്തരം മെസ്സേജുകളും ഫോണ്‍ കോളുകളും വന്നാല്‍ സ്വകാര്യ വിവരങ്ങളും കെവൈസിയും നല്‍കരുത് എന്ന് ഡല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com