164 രഹസ്യമൊഴിക്കു തെളിവു മൂല്യം ഇല്ല: മദ്രാസ് ഹൈക്കോടതി

ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം കോടതിയില്‍ നല്‍കുന്ന രഹസ്യമൊഴി തെളിവായി സ്വീകരിക്കാനാവില്ലെന്ന മദ്രാസ് ഹൈക്കോടതി
മദ്രാസ് ഹൈക്കോടതി/ഫയല്‍
മദ്രാസ് ഹൈക്കോടതി/ഫയല്‍

ചെന്നൈ: ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം കോടതിയില്‍ നല്‍കുന്ന രഹസ്യമൊഴി തെളിവായി സ്വീകരിക്കാനാവില്ലെന്ന മദ്രാസ് ഹൈക്കോടതി. മൊഴികളില്‍ വൈരുദ്ധ്യം ഇല്ലാതിരിക്കാനോ മറ്റു തെളിവുകളെ സാധൂകരിക്കാനോ മാത്രമേ രഹസ്യമൊഴി ഉപയോഗിക്കാനാവൂ എന്ന് കോടതികള്‍ പലവട്ടം വ്യക്തമാക്കിയതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

കൊലപാതക കേസില്‍ കുറ്റക്കാരനെന്നു വിചാരണക്കോടതി കണ്ടെത്തിയ ആളെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. രഹസ്യമൊഴി മെഡിക്കല്‍ തെളിവുകളുമായി ചേര്‍ത്തുവയ്ക്കുന്നതില്‍ വിചാരണക്കോടതി പരാജയപ്പെട്ടെന്ന് ജസ്റ്റിസുമാരായ എസ് വൈദ്യനാഥനും എഡി ജഗദീഷ് ചന്ദിരയും പറഞ്ഞു. കേസിലെ സ്വതന്ത്രസാക്ഷികളെല്ലാം കൂറുമാറിയതും വിചാരണക്കോടതി പരിഗണിച്ചില്ല.

ഇരുപതു വര്‍ഷമായി ഒരുമിച്ചു ജീവിക്കുകയായിരുന്ന സ്ത്രീയെ പ്രതി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഇയാള്‍ വേറെ വിവാഹം കഴിച്ചതും മൂന്നു കുട്ടികള്‍ ഉള്ളയാളുമാണ്. മക്കളുടെ പേരിലേക്ക് വസ്തു മാറ്റിനല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സ്ത്രീ വിസമ്മതിച്ചു. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കം പലപ്പോഴും അടിപിടിയില്‍ എത്തിയിരുന്നു. ഇത് ഒരിക്കല്‍ പൊലീസിനു മുന്നില്‍ എത്തുകയും ഒത്തുതീര്‍പ്പാക്കുകയും ചെയ്തതാണ്. എന്നാല്‍ പിന്നീടൊരു ദിവസം മരത്തടി കൊണ്ടുള്ള പ്രതിയുടെ അടിയേറ്റ് സ്ത്രീ മരിച്ചെന്നാണ് കേസ്. ഐപിസി 302, 352 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനെന്നു വിചാരണക്കോടതി വിധിച്ചു. ഈ വിധി അസ്ഥിരപ്പെടുത്തിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com