തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ഫീസ് അടയ്ക്കാന്‍ വഴിയില്ലെന്ന് കുറിപ്പ്

കോളജ് ഫീസ് അടയ്ക്കാന്‍ വഴിയില്ലാത്ത സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ കുറിപ്പില്‍ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ഒരു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കളക്കാട് രാജലിംഗപുരത്തെ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനി പാപ്പയാണ് ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കോളജ് ഫീസ് അടയ്ക്കാന്‍ വഴിയില്ലാത്ത സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ കുറിപ്പില്‍ പറയുന്നു. പഠനച്ചെലവിനായി മാതാപിതാക്കളെ ബുദ്ധിമുട്ടിക്കേണ്ടി വന്നതിലും വിദ്യാര്‍ഥിനി വലിയ പ്രയാസത്തിലായിരുന്നു. 

ഇന്നലെ അമ്മയും അച്ഛനും വീട്ടില്‍ നിന്നും പുറത്തുപോയ സമയത്ത് മുറിക്കകത്ത് കയറി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു. മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മകളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. മൃതദേഹം തിരുനെല്‍വേലി സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് നടത്തിയ പരിശോധനയിലാണ് ഹാന്‍ഡ് ബാഗില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. 

രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാമത്തെയും 24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ കേസുമാണ്. 

ഇന്നലെ ശിവകാശിയ്ക്ക് സമീപംഅയ്യമ്പട്ടി ഗ്രാമത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ആത്മഹത്യ ചെയ്തിരുന്നു. പടക്കനിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്ന കണ്ണന്‍ മീന ദമ്പതികളുടെ മകളാണ് മരിച്ചത്.

ഇന്നലെ വൈകീട്ട് സ്‌കൂളില്‍ നിന്ന് എത്തിയതിന് പിന്നാലെ വീട്ടിലെ മുറിയുടെ വാതില്‍ അടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. മാതാപിതാക്കള്‍ ജോലി സ്ഥലത്തായിരുന്നു. അമ്മൂമ്മ തൊട്ടടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ സമയത്തായിരുന്നു സംഭവം.

അമ്മൂമ്മ കടയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടി തൂങ്ങിനില്‍ക്കുന്നത് കണ്ടത്. നിലവിളികേട്ട് അയല്‍വാസികളും നാട്ടുകാരും സ്ഥലത്തെത്തി. പൊലീസ് എത്തിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം ശിവകാശി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയത്. അസ്വാഭിവക മരണത്തിന് പൊലീസ് കേസ് എടുത്തു. മരണത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് ഒരു വ്യക്തതയില്ല. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com