മൂന്നു ദിവസം, 12 മണിക്കൂര്‍; 100ലേറെ ചോദ്യങ്ങള്‍; ഇഡിക്ക് മുന്നില്‍ സോണിയ; പ്രതിഷേധവുമായി കോണ്‍ഗ്രസ്

സോണിയയുടെ ചോദ്യം ചെയ്യലില്‍ പ്രതിഷേധിച്ച് ഇന്നും രാജ്യവ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറി
സോണിയയും രാഹുലും ഇഡി ഓഫീസിലേക്ക്/ പിടിഐ ചിത്രം
സോണിയയും രാഹുലും ഇഡി ഓഫീസിലേക്ക്/ പിടിഐ ചിത്രം

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇഡി ചോദ്യം ചെയ്തു. ഇന്ന് മൂന്നു മണിക്കൂറോളമാണ് ഇഡി സോണിയയെ ചോദ്യം ചെയ്തത്. നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് മൂന്നാം ദിവസമാണ് സോണിയ ചോദ്യം ചെയ്യലിന് വിധേയമാകുന്നത്. 

ഇന്ന് 11 മണിയോടെയാണ് സോണിയ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി എത്തിയത്. രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയെ അനുഗമിച്ചിരുന്നു. ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ നീണ്ടു. 30 മുതല്‍ 40 വരെ ചോദ്യങ്ങളാണ് ഇ ഡി ഉദ്യോഗസ്ഥര്‍ ഇന്ന് സോണിയയോട് ആരാഞ്ഞത്. 

മൂന്നു ദിവസമായി 12 മണിക്കൂറോളമാണ് സോണിയയെ ഇഡി ചോദ്യം ചെയ്തത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ 70 ഓളം ചോദ്യങ്ങളാണ് സോണിയ നേരിട്ടത്. രണ്ടുമണിയോടെ സോണിയ വീട്ടിലേക്ക് മടങ്ങി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായും, ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സോണിയക്ക് വീണ്ടും നോട്ടീസ് നല്‍കിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. 

അതേസമയം 75 കാരിയായ സോണിയയെ ശാരീരിക അവശതകള്‍ പോലും പരിഗണിക്കാതെ, ചോദ്യം ചെയ്യലിന്റെ പേരില്‍ ഇഡി ഉപദ്രവിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രായം പോലും പരിഗണിക്കാതെ വലിയ സമ്മര്‍ദ്ദമാണ് ഇഡി സോണിയക്കുമേല്‍ ചെലുത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശര്‍മ്മയും കുറ്റപ്പെടുത്തി. 

സോണിയയുടെ ചോദ്യം ചെയ്യലില്‍ പ്രതിഷേധിച്ച് ഇന്നും രാജ്യവ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറി. ഡല്‍ഹിയില്‍ പാര്‍ലമെന്റിന് മുന്നില്‍ നിന്നും കാല്‍നടയായി രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇഡി നടപടിക്കെതിരെ തിരുവനന്തപുരത്ത് രാജ്ഭവന്‍ മാര്‍ച്ച് നടത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com