'സിദ്ധു തന്റെ ഹൃദയം, രണ്ടുദിവസത്തിനുള്ളില്‍ പകരംവീട്ടും'; മുന്നറിയിപ്പ്

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ നീരജ് ബാവനയുമായി ബന്ധമുള്ള അക്കൗണ്ടിലാണ് പ്രതികാരം ചെയ്യുമെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
സിദ്ദു മൂസോവാല
സിദ്ദു മൂസോവാല

ചണ്ഡിഗഡ്:  ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിനു രണ്ടുദിവസത്തിനുള്ളില്‍ പകരം വീട്ടുമെന്ന മുന്നറിയിപ്പുമായി സാമൂഹികമാധ്യമത്തില്‍ പോസ്റ്റ്. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ നീരജ് ബാവനയുമായി ബന്ധമുള്ള അക്കൗണ്ടിലാണ് പ്രതികാരം ചെയ്യുമെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

'സിദ്ധു മൂസേവാല ഹൃദയമായിരുന്നു, സഹോദരനും. രണ്ടു ദിവസത്തിനുള്ളില്‍ പകരംവീട്ടും'- എന്നായിരുന്നു സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്. നിലവില്‍ തിഹാര്‍ ജയിലിലുള്ള നീരജ് ബാവനയെ ടാഗ് ചെയ്താണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇയാളുടെ പ്രധാന സഹായികളായ ടില്ലു ടാജ്പൂരിയയും ദേവീന്ദര്‍ ബാംബിഹയും ജയിലിലാണുള്ളത്.

ആരാണ് ഈ പോസ്റ്റിനു പിന്നിലെന്ന് വ്യക്തമല്ല. അതേസമയം ഡല്‍ഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം നീരജ് ബാവനയുടെ സംഘാംഗങ്ങളും സഹായികളുമുണ്ട്.

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സിദ്ധുവിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. തിഹാര്‍ ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയ് ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നു പൊലീസ് സംശയിക്കുന്നു. പിടിയിലായവര്‍ ലോറന്‍സിന്റെ സംഘാംഗങ്ങളാണെന്നും സൂചനയുണ്ട്. മൂസേവാലയോടു ശത്രുതയുണ്ടായിരുന്നയാള്‍ ആക്രമണത്തിനുള്ള ക്വട്ടേഷന്‍ ലോറന്‍സിനെ ഏല്‍പിക്കുകയായിരുന്നുവെന്നാണു സൂചന. ഇപ്പോള്‍ തിഹാര്‍ ജയിലിലുള്ള ലോറന്‍സിനെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗം ചോദ്യം ചെയ്തു.

അതേസമയം, വ്യാജ ഏറ്റുമുട്ടലിലൂടെ പൊലീസ് തന്നെയാണു മൂസേവാലയെ കൊലപ്പെടുത്തിയതെന്നും ചോദ്യംചെയ്യലിനു കൈമാറിയാല്‍ തന്നെയും അതുപോലെ കൊല്ലുമെന്നും കാട്ടി ലോറന്‍സ് കോടതിയെ സമീപിച്ചു.

അതിനിടെ, മൂസേവാലയുടെ ശരീരത്തിലേക്കു തുളച്ചുകയറിയത് 24 വെടിയുണ്ടകളെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അക്രമി സംഘം 2 മിനിറ്റിനുള്ളില്‍ 30 തവണയാണ് മൂസേവാലയ്ക്ക് നേരെ വെടിയുതിര്‍ത്തത്. മൂസേവാലയുടെ മൃതദേഹം അദ്ദേഹത്തിന്റെ ഗ്രാമമായ മൂസയില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്ന് കസ്റ്റഡിയിലെടുത്ത 6 പേരില്‍ ഒരാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com