പാരസെറ്റാമോള്‍ ഉള്‍പ്പെടെ 16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ വാങ്ങാം; അഞ്ചുദിവസത്തേയ്ക്ക് മാത്രം, കരട് നിര്‍ദേശം
By സമകാലിക മലയാളം ഡെസ്ക് | Published: 07th June 2022 05:16 PM |
Last Updated: 07th June 2022 05:16 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: പാരസെറ്റാമോള്‍ ഉള്‍പ്പെടെ സാധാരണയായി ഉപയോഗിക്കുന്ന 16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പരമാവധി അഞ്ചു ദിവസത്തേയ്ക്കുള്ള മരുന്നുകളാണ് കുറിപ്പടിയില്ലാതെ ലഭിക്കുക. തുടര്‍ന്നും രോഗം ഭേദമായില്ലെങ്കില്‍ ഡോക്ടറുടെ സേവനം തേടണമെന്നും കരടുനിര്‍ദേശത്തില്‍ പറയുന്നു.
കഫത്തിന്റെ ബുദ്ധിമുട്ട് മാറുന്നതിനുള്ള മരുന്ന്, വയറിളക്കത്തിന് ഉപയോഗിക്കുന്ന മരുന്ന്, ചില മൗത്ത് വാഷുകള്‍, മുഖക്കുരു മാറ്റുന്നതിനുള്ള ക്രീമുകള്‍, ക്രീം രൂപത്തിലുള്ള വേദനസംഹാരികള്‍ എന്നിവയുള്‍പ്പെടെയാണ് കുറിപ്പടിയില്ലാതെ ലഭ്യമാകുക. അണുബാധയ്ക്കെതിരെ നല്കുന്ന പോവിഡോണ്‍ അയോഡിന്‍, മൗത്ത് വാഷായി ഉപയോഗിക്കുന്ന ക്ലോറെക്സിഡൈന്‍, ഫംഗസ് ബാധയ്ക്കെതിരെ പുരട്ടുന്ന ക്ലോട്രിമസോള്‍ തുടങ്ങി വിവിധ മരുന്നുകളാണ് കുറിപ്പടിയില്ലാതെ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി, 1945ലെ ഡ്രഗ്സ് റെഗുലേഷന് ആക്ടില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കുറിപ്പടിയില്ലാതെ ഉപയോഗിക്കുന്ന മരുന്ന് അഞ്ച് ദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ചില വ്യവസ്ഥകളോടെയാണു മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്. രോഗം മാറിയില്ലെങ്കില്‍ ഡോക്ടറെ സമീപിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സത്യേന്ദ്ര ജെയ്നിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തത് 2.84 കോടിയും 1.8 കിലോ സ്വര്‍ണവും
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ