രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പുതിയ നീക്കവുമായി ബിജെപി; അനുനയിപ്പിക്കാന്‍ രാജ്‌നാഥ് സിങ്, കോണ്‍ഗ്രസുമായും മമതയുമായും ചര്‍ച്ച നടത്തി

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സമവായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള നീക്കവുമായി പ്രതിപക്ഷം മുന്നോട്ടു നീങ്ങുമ്പോള്‍ അനുനയ ശ്രമവുമായി ബിജെപി
രാജ്‌നാഥ് സിങ്/ഫയല്‍
രാജ്‌നാഥ് സിങ്/ഫയല്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സമവായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള നീക്കവുമായി പ്രതിപക്ഷം മുന്നോട്ടു നീങ്ങുമ്പോള്‍ അനുനയ ശ്രമവുമായി ബിജെപി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ള പ്രധാന നേതാക്കളുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തി. മത്സരം ഒഴിവാക്കി പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ബിജെപി നീക്കം. 

കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ബിജെഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരുമായും രാജ്‌നാഥ് ചര്‍ച്ച നടത്തി. പ്രധാന സഖ്യകക്ഷിയായ നിതീഷ് കുമാറുമായും രാജ്‌നാഥ് ചര്‍ച്ച നടത്തി. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎ യോഗവും ഉടനുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനിയിലേക്ക് തിരിക്കുന്ന ജൂണ്‍ 26ന് മുന്‍പ് ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. 

മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലൈയാണ് സമവായ നീക്കവുമായി ബിജെപി രംഗത്തെത്തിയത്. 

'ഞങ്ങള്‍ സമവായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചു. ഈ സ്ഥാനാര്‍ത്ഥിയ്ക്ക് എല്ലാവരും പിന്തുണ നല്‍കും'യോഗത്തിന് ശേഷം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. ഇതൊരു നല്ല തുടക്കമാണെന്നും മമത അഭിപ്രായപ്പെട്ടു.

യോഗത്തില്‍ എന്‍സിപി നേതാവ് ശരദ് പവാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെട്ടു. എന്നാല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന നിലപാടില്‍ പവാര്‍ ഉറച്ചു നിന്നു. തന്നെ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ച നേതാക്കളെ അഭിനന്ദിക്കുന്നു. എന്നാല്‍ ഈ നിര്‍ദേശം വിനയപൂര്‍വ്വം നിരസിച്ചതായി പവാര്‍ യോഗത്തിന് ശേഷം ട്വിറ്ററില്‍ കുറിച്ചു.

പവാര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയുടെയും മഹാത്മഗാന്ധിയുടെ ചെറുമകന്‍ ഗോപാലകൃഷ്ണ ഗാന്ധിയുടെയും പേരുകള്‍ മമത ബാനര്‍ജി നിര്‍ദേശിച്ചതായി ആര്‍എസ്പി എംപി എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസ്, എന്‍സിപി, സിപിഐ, സിപിഎം, ഡിഎംകെ,ആര്‍ജെഡി, ശിവസേന, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ജെഡിഎസ്, ആര്‍എസ്പി, സിപിഐഎംഎല്‍, മുസ്ലിം ലീഗ്, ആര്‍എല്‍ഡി, ജെഎംഎം എന്നീ പാര്‍ട്ടികളുടെ നേതാക്കള്‍ രണ്ടു മണിക്കൂര്‍ നീണ്ട യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, കോണ്‍ഗ്രസിനോടുള്ള വിയോജിപ്പ് നിലനിര്‍ത്തി എഎപി, എസ്എഡി, എഐഎംഐഎം, ടിആര്‍എസ് എന്നീ പാര്‍ട്ടികള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ,അഖിലേഷ് യാദവ്, മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നീ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ജൂണ്‍ 21ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും യോഗം ചേരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com