രാഷ്ട്രപതി തെരഞ്ഞടുപ്പിന് ലാലുപ്രസാദ് യാദവും; 11 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി

ഈ മാസം 29 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി
രാഷ്ട്രപതി ഭവന്‍/ ഫയല്‍
രാഷ്ട്രപതി ഭവന്‍/ ഫയല്‍

ന്യൂഡല്‍ഹി: പുതിയ രാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം 18 ന് നടക്കാനിരിക്കെ, രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തിരക്കിട്ട ചര്‍ച്ചകളിലാണ്. ഭരണത്തിലുള്ള എന്‍ഡിഎ പ്രമുഖ പ്രതിപക്ഷ കക്ഷികളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. അതേസമയം ബിജെപിക്കെതിരെ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. 

ബുധനാഴ്ച മമത ബാനര്‍ജി ഡല്‍ഹിയില്‍ വിളിച്ച യോഗത്തിലാണ് എല്ലാവര്‍ക്കും സ്വീകാര്യനായ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഏകദേശ ധാരണയായത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ബുധനാഴ്ച തുടക്കവുമായി. ഈ മാസം 29 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 

ആദ്യദിനം 11 പേരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുള്ളത്. ഇതില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ മേട്ടുഗുഡയില്‍ താമസക്കാരനായ ഡോ. കെ പദ്മരാജനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മലയാളി. 

തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്ന് മൂന്നും മഹാരാഷ്ട്രയില്‍ നിന്ന് രണ്ടും പേരാണ് പത്രിക നല്‍കിയിട്ടുള്ളത്. വേണ്ട രേഖകള്‍ നല്‍കാത്തതിനാല്‍ ഒരു നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരസിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരില്‍ ലാലുപ്രസാദ് യാദവും ഉള്‍പ്പെടുന്നു. ആര്‍ജെഡി സ്ഥാപകനായ ലാലു പ്രസാദ് അല്ല, ബിഹാറിലെ മര്‍ഹാവ്‌റ സ്വദേശിയാണ് ഈ ലാലു. 

ഇതുവരെ പത്രിക നല്‍കിയവര്‍ ഇവരാണ്. 

കെ പദ്മരാജന്‍ ( തമിഴ്‌നാട്)
ജീവന്‍ കുമാര്‍ മിത്തല്‍( ഡല്‍ഹി)
മുഹമ്മദ് എ ഹമീദ് പട്ടേല്‍ ( മഹാരാഷ്ട്ര)
സൈറ ബാനോ മുഹമ്മദ് പട്ടേല്‍ ( മഹാരാഷ്ട്ര)
ടി രമേഷ് ( നാമക്കല്‍)
ശ്യാം നന്ദന്‍ പ്രസാദ് ( ബിഹാര്‍)
ദയാശങ്കര്‍ അഗര്‍വാള്‍ ( ഡല്‍ഹി)
ലാലുപ്രസാദ് യാദവ് ( ബിഹാര്‍)
എ മനിതന്‍ ( തമിഴ്‌നാട്) 
എം തിരുപ്പതി റെഡ്ഡി ( ആന്ധ്രപ്രദേശ്)

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഈ മാസം 30 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ രണ്ട്. വോട്ടെടുപ്പ് ജൂലൈ 18 ന്. വോട്ടെണ്ണല്‍ ആവശ്യമെങ്കില്‍ ജൂലൈ 21 ന് നടക്കും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24 ന് അവസാനിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com