അഗ്നിപഥിനെതിരെ പ്രതിഷേധാഗ്നി, 12 തീവണ്ടികള്‍ കത്തിച്ചു; ട്രെയിന്‍ ഗതാഗതം താറുമാറായി, ബിഹാറില്‍ 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

സൈന്യത്തിലേക്ക് നാലു വര്‍ഷത്തേയ്ക്ക് നിയമനം നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം പുകയുന്നു
അഗ്നിപഥിനെതിരെ സെക്കന്ദ്രാബാദ് റെയില്‍വേ സ്റ്റേഷനിലെ പ്രതിഷേധം, ഫോട്ടോ: എക്‌സ്പ്രസ്
അഗ്നിപഥിനെതിരെ സെക്കന്ദ്രാബാദ് റെയില്‍വേ സ്റ്റേഷനിലെ പ്രതിഷേധം, ഫോട്ടോ: എക്‌സ്പ്രസ്

പട്‌ന: സൈന്യത്തിലേക്ക് നാലു വര്‍ഷത്തേയ്ക്ക് നിയമനം നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം പുകയുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. കുറഞ്ഞത് പന്ത്രണ്ട് തീവണ്ടികള്‍ക്കെങ്കിലും പ്രതിഷേധക്കാര്‍ തീയിട്ടതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 340 തീവണ്ടി സര്‍വീസുകളെ പ്രതിഷേധം ബാധിച്ചതായാണ് വിവരം.  

ബിഹാറില്‍ ശനിയാഴ്ച ആര്‍ജെഡി അടക്കം പ്രതിപക്ഷ പാര്‍ട്ടികളുടെ വിദ്യാര്‍ഥി സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഞായറാഴ്ച വരെ വിച്ഛേദിച്ചിട്ടുണ്ട്. അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ രാജ്യവ്യാപകമായി ട്രെയിന്‍ ഗതാഗതം താറുമാറായി. 140 പാസഞ്ചര്‍ ട്രെയിനുകളും 94 മെയില്‍ എക്‌സ്പ്രസ് ട്രെയിനുകളും റദ്ദാക്കി. 65 മെയില്‍ എക്‌സ്പ്രസ് ട്രെയിനുകളും 30 പാസഞ്ചര്‍ ട്രെയിനുകളും ഭാഗികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

റിക്രൂട്ട്‌മെന്റുമായി മുന്നോട്ട് പോകാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണ് പ്രതിഷേധം വ്യാപകമായത്. ഓരോ ദിവസവും പ്രതിഷേധം കൂടുതല്‍ കലുഷിതമാകുന്ന കാഴ്ചയാണ് ഉത്തരേന്ത്യയില്‍ ദൃശ്യമാകുന്നത്. തെലങ്കാനയിലും ട്രെയിനിന് തീയിട്ടതോടെ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം കേന്ദ്രത്തിന്റെ നയമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നു. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന വിമര്‍ശനവും പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുന്നു.

തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പലയിടത്തും പോലീസും സുരക്ഷാ സേനയും നന്നേ പാടുപെട്ടു. പത്ത് സംസ്ഥാനങ്ങളില്‍ പ്രതിഷേധം തെരുവ് യുദ്ധമായി മാറി. ബസുകള്‍ക്ക് തീയിട്ടും പൊതുമുതല്‍ നശിപ്പിച്ചുമാണ് പ്രതിഷേധിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com