അഗ്നിപഥില്‍ പുകഞ്ഞ് എന്‍ഡിഎ സഖ്യം; ബിഹാറില്‍ ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ

സര്‍ക്കാരിന്റെ ഭാഗമായിട്ടും ബിജെപി നേതാക്കള്‍ക്ക് സുരക്ഷയും പരിഗണനയും ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്‌വാള്‍ രംഗത്തെത്തി
ബിഹാറിലെ അഗ്നിപഥ് വിരുദ്ധ പ്രതിഷേധം/ പിടിഐ
ബിഹാറിലെ അഗ്നിപഥ് വിരുദ്ധ പ്രതിഷേധം/ പിടിഐ



പട്ന: കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമായി തുടരുമ്പോള്‍ ബിഹാറിലെ എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍. സര്‍ക്കാരിന്റെ ഭാഗമായിട്ടും ബിജെപി നേതാക്കള്‍ക്ക് സുരക്ഷയും പരിഗണനയും ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്‌വാള്‍ രംഗത്തെത്തി. തുടര്‍ച്ചയായ നാലാം ദിവസവും പ്രതിഷേധം പുകയുന്ന ബിഹാറില്‍ ബിജെപി നേതാക്കള്‍ക്ക് കൂടുതല്‍ സുരക്ഷയും കേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 10 ബിജെപി നേതാക്കള്‍ക്കാണ് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്.

ബിജെപി സംസ്ഥാന അധ്യക്ഷന്റേത് അടക്കം വീടുകള്‍ക്ക് നേരെ സമരക്കാര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. അക്രമം നടക്കുമ്പോള്‍ പോലീസ് നിഷ്‌ക്രിയരായിരുന്നെന്നാണ് ബിജെപി ആരോപിക്കുന്നത്. തങ്ങളുടെ പാര്‍ട്ടി ഓഫീസുകള്‍ മാത്രമാണ് അക്രമികള്‍ ലക്ഷ്യമിടുന്നത്. ഭരണകൂടത്തിന്റെ പിന്തുണ ഇതിനുണ്ടെന്നും ബിജെപി ആരോപിച്ചു. 

പിന്നാലെ ഭരണ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിതീഷ് കുമാറിന് കഴിവുണ്ടെന്ന് തിരിച്ചടിച്ച് ജെഡിയു നേതാക്കളും രംഗത്തെത്തി. ബിജെപിയില്‍ നിന്ന് പാഠങ്ങള്‍ ആവശ്യമില്ല, പകരം അഗ്‌നിപഥ് പദ്ധതിയെക്കുറിച്ചുള്ള ജനങ്ങളുടെ സംശയങ്ങള്‍ ഇല്ലാതാക്കുകയാണ് വേണ്ടത്. ബിജെപി നേതൃത്വം അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ജെഡിയു ആവശ്യപ്പെട്ടു. 

അതേസമയം, പ്രതിഷേധം കണക്കിലെടുത്ത് ബിഹാറില്‍ പകല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മറ്റന്നാള്‍ വരെ പുലര്‍ച്ചെ നാല് മണി മുതല്‍ രാത്രി എട്ട് മണി വരെ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കില്ല.

പ്രക്ഷോഭത്തെത്തുടര്‍ന്ന് ഇന്ന് 369 ട്രെയിനുകളാണ് റെയില്‍വേ റദ്ദാക്കിയത്. ഇതില്‍ 210 മെയില്‍/എക്സ്പ്രസും 159 ലോക്കല്‍ പാസഞ്ചര്‍ ട്രെയിനുകളും ഉള്‍പ്പെടുന്നു. റയില്‍വേയ്ക്ക് 200 കോടിയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് അധികൃതര്‍ പറയുന്നത്. അഞ്ച് എഞ്ചിനുകളും 50 കോച്ചുകളും പ്രതിഷേധക്കാര്‍ തീയിട്ടു നശിപ്പിച്ചതായി റയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

സംസ്ഥാനത്ത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ജനജീവിതം തടസ്സപ്പെട്ട സ്ഥിതിയാണ് ഉള്ളത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ആളുകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നില്ല. സംസ്ഥാനത്തെ 12 ജില്ലകളില്‍ ഞായറാഴ്ച വരെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com