യശ്വന്തോ ഷിന്‍ഡെയോ?; പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം

ഭരണകക്ഷിയായ എന്‍ഡിഎ മുന്നണിയും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്കായി തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ്
യശ്വന്ത് സിന്‍ഹ, സുശീല്‍ കുമാര്‍ ഷിന്‍ഡെ/ ഫയല്‍
യശ്വന്ത് സിന്‍ഹ, സുശീല്‍ കുമാര്‍ ഷിന്‍ഡെ/ ഫയല്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിച്ചേക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹിയില്‍ ചേരും. എന്‍സിപി നേതാവ് ശരദ് പവാറാണ് യോഗം വിളിച്ചത്. യോഗത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ല. പകരം പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയാകും പങ്കെടുക്കുക.

സ്ഥാനാര്‍ത്ഥിയായി സജീവപരിഗണനയിലുണ്ടായിരുന്ന പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധി ഇന്നലെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പിന്മാറിയിരുന്നു. ദേശീയതലത്തില്‍ സമവായമുണ്ടാക്കാന്‍ ശേഷിയുള്ള ഒരാളായിരിക്കണം പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെന്നും തന്നെക്കാള്‍ മികച്ചരീതിയില്‍ ഇത് മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സജീവപരിഗണനയിലുണ്ടായിരുന്ന ശരദ് പവാറും ഫാറൂഖ് അബ്ദുള്ളയും മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ, പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ആരെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. മുന്‍ കേന്ദ്രധനമന്ത്രി യശ്വന്ത് സിന്‍ഹ, മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ തുടങ്ങിയവരുടെ പേരുകളാണ് അവസാനഘട്ടത്തില്‍ പരിഗണിക്കുന്നത്. 

ബിജെപിയുടെ മുതിര്‍ന്ന നേതാവായിരുന്ന യശ്വന്ത് സിന്‍ഹ നേതൃത്വവുമായി പിണങ്ങി 2018 ലാണ് പാര്‍ട്ടി വിടുന്നത്. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന യശ്വന്ത് സിന്‍ഹ, തൃണമൂല്‍ ദേശീയ ഉപാധ്യക്ഷനാണ്. യശ്വന്ത് സിന്‍ഹയുടെ പേര് തൃണമൂല്‍ കോണ്‍ഗ്രസ് ശരദ് പവാറിന് മുന്നില്‍ വെച്ചതായാണ് സൂചന. യശ്വന്തിന്റെ പേരിനോട് പവാറിനും അനുകൂല നിലപാടാണ്. അതേസമയം യശ്വന്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ഇടതുപക്ഷവും കോണ്‍ഗ്രസും ചില നിബന്ധന മുന്നോട്ടുവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും യശ്വന്ത് സിന്‍ഹ രാജിവെച്ചാല്‍ മാത്രമേ പിന്തുണയ്ക്കാനാകൂ എന്ന് ഇടതുപക്ഷവും കോണ്‍ഗ്രസും ശരദ് പവാറിനെ അറിയിച്ചതായാണ് വിവരം. 84 കാരനായ യശ്വന്ത് സിന്‍ഹ മുമ്പ് കേന്ദ്ര ധനകാര്യമന്ത്രിയായും വിദേശകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിഗണനയിലുള്ള മറ്റൊരു നേതാവ് മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടേതാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ ഷിന്‍ഡെ മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ ആഭ്യന്തര, ഊര്‍ജ്ജ വകുപ്പുകളുടെ മന്ത്രിയായിരുന്നിട്ടുണ്ട്. 

ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവായ 80 കാരനായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മഹാരാഷ്ട്ര മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭരണകക്ഷിയായ ബിജെപിയും എന്‍ഡിഎ മുന്നണിയും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്കായി തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ്. തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പതിന്നാലംഗ സമിതിയുമായി ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നഡ്ഡ കൂടിക്കാഴ്ച നടത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വം ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. 

ഈ വാര്‍ത്ത കൂടി വായിക്കാം

അഗ്നിപഥ്: പ്രധാനമന്ത്രിയും സേനാമേധാവിമാരും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്; നിർണായക ചർച്ച
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com