മഹാരാഷ്ട്രയില്‍ തിരക്കിട്ട രാഷ്ട്രീയനീക്കങ്ങള്‍; വിമത പക്ഷത്തേക്ക് കൂടുതല്‍ എംഎല്‍എമാര്‍; ഷിന്‍ഡെ ഇന്ന് ഗവര്‍ണറെ കണ്ടേക്കും

തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്നും, ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ഷിന്‍ഡെ അഭിപ്രായപ്പെട്ടു
ഏക്‌നാഥ് ഷിന്‍ഡെ/ ഫയല്‍
ഏക്‌നാഥ് ഷിന്‍ഡെ/ ഫയല്‍

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. രണ്ട് ശിവസേന എംഎല്‍എമാര്‍ കൂടി വിമത നേതാവ് ഏകനാഥ് ഷിന്‍ഡെക്കൊപ്പമുള്ളവര്‍ താമസിക്കുന്ന അസമിലെ ഹോട്ടലിലെത്തി. കൂടാതെ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കൂടി വിമതപക്ഷത്തൊടൊപ്പം ചേര്‍ന്നിട്ടുണ്ട്.  ഇതോടെ വിമതപക്ഷത്തെ എംഎല്‍എമാരുടെ എണ്ണം 46 ആയി. വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ ഇന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ടേക്കും. 

ശിവസേനയുടെ 37  എംഎല്‍എമാരെ കൂടാതെ സ്വതന്ത്രര്‍ ഉള്‍പ്പെടെ 46 പേര്‍  തന്റെയൊപ്പം ഉണ്ടെന്ന് ഷിന്‍ഡെ ഗവര്‍ണറെ അറിയിക്കും. 37 പേരുടെ ഒപ്പിട്ട കത്താണ് നേരത്തെ ഷിന്‍ഡെ ക്യാംപ് ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നത്. ശിവസേന നിയമസഭ കക്ഷി നേതാവായി തന്നെ തെരഞ്ഞെടുത്ത കാര്യവും ഷിന്‍ഡെ ഗവര്‍ണറെ അറിയിക്കും. 

തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്നും, ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ഷിന്‍ഡെ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. ഉദ്ധവ് താക്കറെ പക്ഷം വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ അടക്കം 12 എംഎല്‍എമാരെ അയോഗ്യരാക്കാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കിയ സാഹചര്യത്തിലാണ് പ്രതികരണം. തന്നെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത് ചൂണ്ടിക്കാട്ടി ഏകനാഥ് ഷിന്‍ഡെ വീണ്ടും സ്പീക്കര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. 

കൂടാതെ ഉദ്ധവ് താക്കറെക്കൊപ്പം നില്‍ക്കുന്ന എംഎല്‍എമാരെ അയോഗ്യരാക്കണമെന്നും ഷിന്‍ഡെ ആവശ്യപ്പെട്ടിട്ടുണ്ട്. 'അതിശക്തരായ ദേശീയ പാര്‍ട്ടി' എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്ന് ഷിന്‍ഡെ വിമത എംഎല്‍എമാരോട് പറഞ്ഞു. അയോഗ്യരാക്കിയാല്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ എല്ലാ നിയമസഹായവും ബിജെപി വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. 

അതിനിടെ, ബിജെപിയും നീക്കം ശക്തമാക്കി. ശിവസേനയിലെ വിമതനീക്കം മുതലെടുത്ത് പുതിയ സര്‍ക്കാര്‍ രൂപീകരണനീക്കവുമായിട്ടാണ് ബിജെപി രംഗത്തുള്ളത്. മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കു ഡല്‍ഹിയിലെത്തി. ഫഡ്‌നാവിസ് ഇന്ന് കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com