വാറങ്കല്‍ ഭൂസമരം: ബിനോയ് വിശ്വം വീണ്ടും പൊലീസ് കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th June 2022 09:16 PM  |  

Last Updated: 29th June 2022 09:16 PM  |   A+A-   |  

binoy_viswam

ബിനോയ് വിശ്വം പങ്കുവച്ച സമരത്തിന്റെ ചിത്രം

 

വാറങ്കല്‍: തെലങ്കാനയിലെ വാറങ്കല്‍ ഭൂസമരത്തില്‍ പങ്കെടുക്കാനെത്തിയ സിപിഐ രാജ്യസഭാംഗം ബിനോയ് വിശ്വത്തെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. നിരവധി സിപിഐ നേതാക്കളെയും പ്രവര്‍ത്തകരെയും ഹനുമാന്‍കൊണ്ട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

നേരത്തെ, മെയ് പതിനെട്ടിന് സമാനമായ രീതിയില്‍ ബിനോയ് വിശ്വത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് നൂറുകണക്കിന് കര്‍ഷകര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞതിന് പിന്നാലെ അദ്ദേഹത്തെ വിട്ടയയ്ക്കുകയായിരുന്നു. 

'മെയ് പതിനെട്ടിന് ഞങ്ങളുടെ ജനങ്ങളെ കാണാനെത്തിയപ്പോള്‍ അവര്‍ ഞങ്ങളെ അറസ്റ്റ് ചെയ്തു. ഇന്ന് അവര്‍ പരാജയപ്പെട്ടു. ഞങ്ങള്‍ ജനങ്ങളെ കണ്ടു. ഞങ്ങള്‍ സമാധനപരമായി മാര്‍ച്ച് നടത്തുന്നതിനിടെ പൊലീസ് ബലം പ്രയോഗിച്ചു നിരവധിപേരെ അറസ്റ്റ് ചെയ്തു. ഞങ്ങളിപ്പോള്‍ ഹനുമന്‍കൊണ്ട പൊലീസ് സ്റ്റേഷനിലാണുള്ളത്' ബിനോയ് വിശ്വം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

വാറങ്കല്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ഭൂമി രാഷ്ട്രീയക്കാരും ഭരണകക്ഷി ജനപ്രതിനിധികളും കയ്യടക്കിയെന്ന് ആരോപിച്ചാണ് സിപിഐയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്. വാറങ്കലിന് ചുറ്റുമുള്ള 42 ഓളം കുളങ്ങളും ജലാശയങ്ങളും ഭൂമാഫിയ കയ്യേറി മണ്ണിട്ട് നികത്തിയതായി സിപിഐ ആരോപിക്കുന്നു. മട്ടേവാഡ നിമ്മയ്യ കുളത്തിന് സമീപമുള്ള 15 ഏക്കറിലധികം സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്താണ് കുടിലുകള്‍ കെട്ടിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം ശിവസേനയ്ക്ക് തിരിച്ചടി; ഉദ്ധവ് സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ട് തേടണം; സുപ്രീം കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ