അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ ജയിപ്പിക്കാന്‍ പ്രശാന്ത് കിഷോറിന് 500 കോടി വാഗ്ദാനം; ആരോപണവുമായി കോണ്‍ഗ്രസ്

മമത ബാനര്‍ജി, വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി, നിതീഷ് കുമാര്‍, അമരീന്ദര്‍ സിംഗ്, നരേന്ദ്ര മോദി എന്നിവരുടെ വിജയത്തില്‍ നിര്‍ണായകമായത് പ്രശാന്തിന്റെ ചാണക്യതന്ത്രങ്ങളായിരുന്നു. 
പ്രശാന്ത് കിഷോര്‍
പ്രശാന്ത് കിഷോര്‍

ഹൈദരബാദ്:  അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി പ്രശാന്ത് കിഷോറിന് 500 കോടി രൂപ വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ്. സിദ്ധിപ്പേട്ട് ജില്ലയില്‍ കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ഫാം ഹൗസില്‍ സ്വകാര്യ സന്ദര്‍ശനത്തിനായി പ്രശാന്ത് എത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ആരോപണം. മമത ബാനര്‍ജി, വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി, നിതീഷ് കുമാര്‍, അമരീന്ദര്‍ സിംഗ്, നരേന്ദ്ര മോദി എന്നിവരുടെ വിജയത്തില്‍ നിര്‍ണായകമായത് പ്രശാന്തിന്റെ ചാണക്യതന്ത്രങ്ങളായിരുന്നു. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിആര്‍എസിന് 41 ശതമാനം വോട്ട് വിഹിതവും കോണ്‍ഗ്രസിന് 30 ശതമാനവും ബിജെപിക്ക് 19 ശതമാനം വോട്ടുമാണ് ലഭിച്ചത്. കണക്ക് പ്രകാരം കോണ്‍ഗ്രസ് വോട്ട് വിഹിതത്തില്‍ രണ്ടാം സ്ഥാനത്താണ്. വരുന്ന തിരഞ്ഞെടുപ്പില്‍ ടിആര്‍എസിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് പാര്‍ട്ടി വക്താവ് ദസോജു ശ്രാവണ്‍ പറഞ്ഞു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം വര്‍ധിച്ചതായും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ മുന്നണിയുണ്ടാക്കാനുള്ള തെലങ്കാന മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ക്കിടയിലാണ് പ്രശാന്ത്് കിഷോറിന്റെ സന്ദര്‍ശനം. ഇടതുപാര്‍ട്ടികളെ അടക്കം ഒപ്പം ചേര്‍ത്ത് വലിയൊരു മഹാസഖ്യം കെസിആര്‍ ബിജെപിക്കെതിരെ തെലങ്കാനയില്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com