വിദ്യാഭ്യാസ മേഖല തകര്‍ത്തു; സിലബസില്‍ അന്ധവിശ്വാസങ്ങള്‍ കുത്തിനിറച്ചു: കേന്ദ്രസര്‍ക്കാരിന് എതിരെ സ്റ്റാലിന്‍

കേന്ദ്രസര്‍ക്കാരിനും ദേശീയ വിദ്യാഭ്യാസ നയത്തിനും എതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
എംകെ സ്റ്റാലിന്റെ വീഡിയോ സന്ദേശം തിങ്ക് എഡ്യു കോണ്‍ക്ലേവില്‍
എംകെ സ്റ്റാലിന്റെ വീഡിയോ സന്ദേശം തിങ്ക് എഡ്യു കോണ്‍ക്ലേവില്‍


ചെന്നൈ: കേന്ദ്രസര്‍ക്കാരിനും ദേശീയ വിദ്യാഭ്യാസ നയത്തിനും എതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ബിജെപിയുടെ എട്ട് വര്‍ഷത്തെ ദുഷ്ഭരണത്തിന് കീഴില്‍ വിദ്യാഭ്യാസ മേഖല വളരെ ഗുരുതരമായി തകര്‍ക്കപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് അന്ധവിശ്വാസങ്ങളും യുക്തിരഹിതവും അശാസ്ത്രീയവുമായ കാര്യങ്ങള്‍ സിലബസുകളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. 

രാജ്യം ശ്രദ്ധാപൂര്‍വ്വം കെട്ടിപ്പടുത്ത സംവിധാനത്തെ വികൃതമാക്കാന്‍ ദേശീയ വിദ്യാഭ്യാസ നയം എന്നപേരില്‍ സര്‍ക്കാര്‍ പഴഞ്ചന്‍ ആശയങ്ങളെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് തിങ്ക് എഡ്യു കോണ്‍ക്ലേവിന്റെ പത്താം എഡിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസ നയത്തെ പുകഴ്ത്തി കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. അശ്വന്ത് നാരായണ്‍ സംസാരിച്ചതിന് പിന്നാലെയാണ്, സ്റ്റാലിന്‍ കടന്നാക്രമണം നടത്തിയത്. വീഡിയോ സന്ദേശത്തിലാണ് സ്റ്റാലിന്റെ വിമര്‍ശനം. 

വിദ്യാഭ്യാസ മേഖല സംസ്ഥാനത്തിന്റെ ലിസ്റ്റിലുള്ള സംവിധാനമാണെന്നും കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന സംഘങ്ങള്‍ക്ക് പിന്തിരിപ്പന്‍ തത്വങ്ങള്‍ പ്രോത്സാസിഹിപ്പിക്കാനുള്ളതല്ല എന്നും അദ്ദേഹം തുറന്നടിച്ചു. 

വിദ്യാഭ്യാസം രാജ്യത്തിന്റെ സമ്പത്താണ്. അത് എല്ലാവരുടെയും അവകാശമാണ്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടി അത് നശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നത് ജനങ്ങളുടെ ഓക്‌സിജന്‍ നഷ്ടപ്പെടുത്തുന്നതിന് തുല്യമാണ്. ഒരു നല്ല മനുഷ്യനും അത് അനുവദിക്കില്ല. അതുകൊണ്ടാണ് വിദ്യാഭ്യാസത്തെ സംസ്ഥാന ലിസ്റ്റിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ഞങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസം നേടുന്നതിന് മെരിറ്റ് പരീക്ഷകള്‍ തടസ്സമാണെന്ന തന്റെ നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. വിശലാലമായ രീതിയില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിന് മുന്‍കൈയെടുത്ത സംസ്ഥാനമാണ് തമിഴ്‌നാടെന്നും അദ്ദേഹം പറഞ്ഞു. ജാതി, സ്ഥലം, പശ്ചാത്തലം, പണം, മതപരമായ വസ്ത്രം, ലിംഗഭേദം തുടങ്ങിയ ഘടകങ്ങളൊന്നും ഒരു വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസത്തിന് തടസ്സമാകരുത്. ങ്ങനെയൊരു സമൂഹം സ്ഥാപിക്കാന്‍ വേണ്ടിയാണ് പോരാടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com