ഹിജാബ് അനിവാര്യമെന്ന വാദം മുസ്ലിം സ്ത്രീകളെ വീടുകളില്‍ തളച്ചിടാന്‍: ഗവര്‍ണര്‍
By സമകാലിക മലയാളം ഡെസ്ക് | Published: 09th March 2022 01:55 PM |
Last Updated: 09th March 2022 01:55 PM | A+A A- |

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിങ്ക് എഡ്യൂ ക്ലോണ്‍ക്ലേവില്‍ സംസാരിക്കുന്നു/എക്‌സ്പ്രസ്
ചെന്നൈ: ഹിജാബ് ഇസ്ലാമില്‍ അനിവാര്യമെന്ന വാദം മുസ്ലിം സ്ത്രീകളെ വീടുകളില്‍ തളച്ചിടാനുള്ള ശ്രമമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരിമിതികളെ മറികടന്ന് സ്ത്രീകള്‍ സായുധ സേനയില്‍ വരെ എത്തിയിരിക്കുന്നു. ഹിജാബ് അനിവാര്യമെന്നു പറയുന്നത് അവരോടുള്ള അനീതിയാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച തിങ്ക് എഡ്യൂ കോണ്‍ക്ലേവിന്റെ രണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തം ഡ്രസ് കോഡ് നിശ്ചയിക്കുന്നത് കാലങ്ങളായുള്ള പതിവാണെന്ന്, കര്‍ണാടകയിലെ ഹിജാബ് വിവാദം പരാമര്‍ശിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. ഇത് വിവാദമല്ല, ഗൂഢാലോചനയാണ്. ഇത് മുസ്ലിം സ്ത്രീകള്‍ക്കെതിരായ ഗുഢാലോചനയാണ്, അവരുടെ വിദ്യാഭ്യാസം തടഞ്ഞ് തൊഴില്‍ സ്വപ്‌നങ്ങള്‍ തകര്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്- ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
മുമ്പുണ്ടായിരുന്ന സ്വാധീനം ഇപ്പോഴത്തെ സര്‍ക്കാരില്‍ പ്രയോഗിക്കാനാവാത്തതില്‍ വിറളി പൂണ്ടവരാണ് ഹിജാബ് വിവാദത്തിനു പിന്നിലെന്ന്, ഷാ ബാനു കേസ് പരാമര്‍ശിച്ചുകൊണ്ട് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 2019ല്‍ പാര്‍ലമെന്റ് മുത്തലാഖ് നിയമം പാസാക്കിയതോടെ മുസ്ലിം സമൂഹത്തില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. വിവാഹ മോചന നിരക്കില്‍ 90 ശതമാനം കുറവു വന്നു.
This is not a controversy, it is a conspiracy. Because those who are spearheading this movement were in a position where they’ll make a demand in the name of maintaining identity-based on religion, says @KeralaGovernor #ArifMohammedKhan on #HijabRow#ThinkEdu2022 @PrabhuChawla pic.twitter.com/9Zjo1vFybg
— The New Indian Express (@NewIndianXpress) March 9, 2022
എല്ലാത്തിനെയും ഉള്‍ക്കൊള്ളുകയെന്നതാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സത്തയെന്ന് ഗവര്‍ണര്‍ പറഞ്ഞു. ലോകത്തെ മറ്റ് ഏതൊരു സംസ്‌കാരത്തിലേക്കും നോക്കൂ, അവയെല്ലാം വംശത്തിന്റെയോ ഭാഷയുടെയോ മതവിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്‍ രൂപപ്പെട്ടവയാണ്. ന്യൂനപക്ഷങ്ങള്‍ ഒഴിവാക്കപ്പെടുന്നത് അങ്ങനെയാണ്. ഇന്ത്യയില്‍ തുടക്കം മുതല്‍ തന്നെ ആളുകളെ അളക്കുന്നതിന്റെ മാനദണ്ഡം വംശമോ ഭാഷയോ വിശ്വാസമോ അല്ല. ആത്മാവാണ് അതിന്റെ അടിസ്ഥാനം. മൃഗങ്ങളെയോ മരങ്ങളെയോ പോലും ഇന്ത്യന്‍ സംസ്‌കാരം മാറ്റിനിര്‍ത്തിയിട്ടില്ല. വൈവിധ്യം പ്രകൃതിയുടെ നിയമമാണെന്നാണ് നമ്മുടെ ഋഷിമാര്‍ പഠിപ്പിച്ചത്. വൈവിധ്യം തന്നെയാണ് നമ്മുടെ ശക്തി- ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.