യുപിയിലെ അധികാരത്തുടര്‍ച്ച: മായാവതിക്കും ഒവൈസിക്കും പത്മവിഭൂഷണും ഭാരതരത്‌നവും നല്‍കണം: പരിഹസിച്ച് ശിവസേന നേതാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2022 01:24 PM  |  

Last Updated: 11th March 2022 01:24 PM  |   A+A-   |  

sanjay raut

ഫയല്‍ ചിത്രംന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പ്രത്യുപകാരമായി മായാവതിക്കും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കും പത്മവിഭൂഷണും ഭാരതരത്‌നവും നല്‍കണമെന്ന് ശിവസേന. മായാവതിയും ഒവൈസിയുമാണ് ഈ വിജയത്തിന് ബിജെപിയെ സഹായിച്ചത്. ഇതിന്റെ ഉപകാരസ്മരണയായി ഇരുവര്‍ക്കും പത്മവിഭൂഷണും ഭാരതരത്‌നവും നല്‍കണമെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പരിഹസിച്ചത്. 

35 വര്‍ഷത്തിന് ശേഷമാണ് യുപിയില്‍ അധികാരത്തുടര്‍ച്ചയുണ്ടാകുന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി 255 സീറ്റുകളാണ് നേടിയത്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി മികച്ച പോരാട്ടമാണ് തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. 

സമാജ് വാദി പാര്‍ട്ടി സീറ്റുകളുടെ എണ്ണം മൂന്നു മടങ്ങ് വര്‍ധിപ്പിച്ചു. 42 സീറ്റായിരുന്നത് 125-ായി ഉയര്‍ത്തി. അതേസമയം അധികാരത്തുടര്‍ച്ചയ്ക്ക് ബിജെപി മായാവതിയോടും ഒവൈസിയോടും കടപ്പെട്ടിരിക്കുന്നു. തുടര്‍ഭരണം ലഭ്യമാക്കിയതിന് ബിജെപി മായാവതിയേയും ഒവൈസിയേയും ആദരിക്കണം. സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ജയിച്ചത്. അതേസമയം ഉത്തരാഖണ്ഡില്‍ ബിജെപിയുടെ മുഖ്യമന്ത്രി തോറ്റു. ഗോവയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരും തോറ്റു. പഞ്ചാബിലെ ജനങ്ങള്‍ ബിജെപിയെ പരിപൂര്‍ണമായി തള്ളിക്കളഞ്ഞെന്നും സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി.