'രാഹുലിന് മാത്രമേ മോദിയെ എതിര്‍ക്കാന്‍ കഴിയൂ'; തിരിച്ചുവരണമെന്ന് ഗെഹ്‌ലോട്ട്, എഐസിസി ആസ്ഥാനത്തിന് മുന്നില്‍ പ്രകടനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2022 04:46 PM  |  

Last Updated: 13th March 2022 04:46 PM  |   A+A-   |  

congress

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം/ എഎന്‍ഐ


ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമാകുന്നതിനിടെ, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്‌ലോട്ട്. സോണിയ ഗാന്ധിയുടേയും രാഹുലിന്റെയും നേതൃത്വത്തെ സംബന്ധിച്ച് യാതൊരു ചോദ്യവും ഉയരേണ്ട സാഹചര്യമില്ല. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം-ഗൈഹ്‌ലോട്ട് ആവശ്യപ്പൈട്ടു. 

രാഹുല്‍ ഗാന്ധിക്ക് മാത്രമേ മോദിയെ എതിര്‍ക്കാന്‍ സാധിക്കുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസിനുള്ളിലെ തമ്മിലടി ജനങ്ങള്‍ക്ക് ഇഷ്ടമായില്ല. തെരഞ്ഞെടുപ്പില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകും.  ഹിന്ദുത്വം പറഞ്ഞ് ധ്രുവീകരണം നടത്തിയാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. 

നേതൃമാറ്റം ആവശ്യപ്പെട്ട് ജി 23 നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഗെഹ്‌ലോട്ട് പ്രതികരണം നടത്തിയിരിക്കുന്നത്. അതേസമയം, ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് എഐസിസി ആസ്ഥാനത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. 

മുകുള്‍ വാസ്‌നിക്കിനെ അധ്യക്ഷനാക്കണം

മുകുള്‍ വാസ്‌നിക്കിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്നാണ് ജി23 നേതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ ആവശ്യം പരിഗണിക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.ജി23 നേതാക്കളായ ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ്, കപില്‍ സിബല്‍ എന്നിവരാണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്ന് നേതാക്കളോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

2000ത്തിന് ശേഷം സോണിയാ ഗാന്ധി പാര്‍ട്ടി അധ്യക്ഷയായതിന് സമാനമായി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആള്‍ വരട്ടെയെന്നാണ് ജ23 നേതാക്കള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്തുണ്ടെങ്കിലും കെസി വേണുഗോപാല്‍, അജയ് മാക്കന്‍, രണ്‍ദീപ് സുര്‍ജെവാല എന്നിവരാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്.

രാഹുല്‍ ഗാന്ധി അധ്യക്ഷനല്ല. പക്ഷേ പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നു. ആശയങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. തങ്ങള്‍ പാര്‍ട്ടിയുടെ അഭ്യുദയകാംക്ഷികളാണ്. ശത്രുക്കളല്ലെന്നും ജി23 നേതാക്കള്‍ പറയുന്നു.

പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ ഒഴിഞ്ഞേക്കുമെന്ന് സൂചനകളുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ വച്ച് ഇരുവരും രാജി സന്നദ്ധത അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയും എഐസിസി കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കാന്‍ സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.