യോഗി ഡല്‍ഹിയില്‍; മന്ത്രിസഭാ രൂപീകരണത്തെപ്പറ്റി ചര്‍ച്ച, അഭിനന്ദിച്ച് മോദി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2022 08:22 PM  |  

Last Updated: 13th March 2022 08:22 PM  |   A+A-   |  

modi-yogi

പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ പങ്കുവച്ച ചിത്രം


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെത്തിയ ആദിത്യനാഥ്, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. 

'തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. വരും വര്‍ഷങ്ങളില്‍ അദ്ദേഹം സംസ്ഥാനത്തെ വികസനത്തിന്റെ ഉന്നതിയിലേക്ക് കൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്.' കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവച്ചുകൊണ്ട് മോദി ട്വിറ്ററില്‍ കുറിച്ചു. 

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയെയും യോഗി ആദിത്യനാഥ് സന്ദര്‍ശിച്ചു. സത്യപ്രതിജ്ഞയെക്കുറിച്ചും മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചും ആദിത്യനാഥ് മോദിയുമായും നഡ്ഡയുമായും ആശയവിനിമയം നടത്തി. മന്ത്രിസഭയില്‍ ആരൊയെക്കെ ഉള്‍പ്പെടുത്തണം എന്നതിനെക്കുറിച്ച് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കും.

പഞ്ചാബില്‍ സത്യപ്രതിജ്ഞ ബുധനാഴ്ച 

പഞ്ചാബില്‍ ഭഗവന്ത് മാനിന്റെ നേതൃത്വത്തില്‍ 17 അംഗ എഎപി മന്ത്രിസഭ ഈ മാസം പതിനാറിന് സത്യപ്രതിജ്ഞ ചെയ്യും. ഭഗത് സിങ്ങിന്റെ ജന്മനാടായ ഖത്കര്‍ കലനിലാണ് സത്യപ്രതിജ്ഞ. 

ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍ പങ്കെടുക്കും. ഇന്ന് അമൃത്സറില്‍ ആംആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വന്‍ റോഡ് ഷോ നടന്നു. ഭഗവന്ത് മാനിനൊപ്പം കെജരിവാളും റോഡ് ഷോയില്‍ പങ്കെടുത്തു.