വിശദീകരണത്തിന് ആവശ്യത്തിന് സമയം നല്‍കി; ചാനല്‍ ലൈസന്‍സ് റദ്ദാക്കിയതില്‍ കേന്ദ്രം

ദേശസുരക്ഷയുടെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പും ഇല്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ദേശസുരക്ഷയുടെ പേരില്‍ നടപടിക്കു വിധേയമായ ടെലിവിഷന്‍ ചാനലുകള്‍ക്ക് സ്വന്തം ഭാഗം വിശദീകരിക്കാന്‍ ആവശ്യത്തിനു സമയം നല്‍കിയിട്ടുണ്ടെന്ന് വാര്‍ത്താ പ്രക്ഷേപണ സഹമന്ത്രി എല്‍ മുരുകന്‍ ലോക്‌സഭയില്‍. വിശദീകരണം തൃപ്തികരമല്ലാത്തവരുടെ ലൈസന്‍സാണ് റദ്ദാക്കിയിട്ടുള്ളതെന്ന് ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.

ചാനലിന്റെ പ്രവര്‍ത്തനം ദേശസുരക്ഷയ്ക്കു ഭീഷണിയെന്നു കണ്ടാല്‍ ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതാവുന്നതോടെ സ്വാഭാവികമായും വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം നല്‍കുന്ന ലൈസന്‍സ് റദ്ദാവുമെന്ന് മന്ത്രി വിശദീകരിച്ചു.

ദേശസുരക്ഷയുടെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പും ഇല്ല. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് ലൈസന്‍സ് റദ്ദാക്കിയിട്ടുള്ളത്. ചില കേസുകളില്‍ ചാനല്‍ ലൈസന്‍സ് പുതുക്കലിന് അപേക്ഷിച്ചിട്ടില്ല. ചിലതില്‍ മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയാണ് ചെയ്തത്. മറുപടി തൃപ്തികരമല്ലെന്നു കണ്ടവയുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

ദേശസുരക്ഷയുടെ പേരില്‍ ലൈസന്‍സ് റദ്ദാക്കുന്നതിനെ അഭിപ്രായ സ്വാതന്ത്ര്യവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥാക്കാലവുമായി ഇതിനെ ബന്ധിപ്പിക്കേണ്ടതില്ല. സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കും വിധമുള്ള ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്ത 159 കേസുകളില്‍ നടപടിയെടുത്തിട്ടുണ്ടെന്ന് മന്ത്രി ലോക്‌സഭയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com