'ഇന്‍ക്വിലാബ്' വിളിച്ച് സത്യപ്രതിജ്ഞ;  ഭഗവന്ത് സിങ്ങ് മാന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരമേറ്റു

117 അംഗ നിയമസഭയില്‍ 92 സീറ്റ് നേടിയാണ് എഎപി പഞ്ചാബില്‍ ഭരണം നേടിയത്
ഭ​ഗവന്ത് സിങ്ങ് മാൻ സത്യപ്രതിജ്ഞ ചെയ്യുന്നു/ എഎൻഐ ചിത്രം
ഭ​ഗവന്ത് സിങ്ങ് മാൻ സത്യപ്രതിജ്ഞ ചെയ്യുന്നു/ എഎൻഐ ചിത്രം

ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് ഭഗവന്ത് സിങ് മാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭഗത് സിങ്ങിന്റെ ജന്മഗ്രാമമായ ഖത്കര്‍ കാലിനിലായിരുന്നു സത്യപ്രതിജ്ഞ. സംസ്ഥാനത്തിന്റെ 17-ാമത് മുഖ്യമന്ത്രിയാണ് ഭഗവന്ത് സിങ്ങ് മാന്‍. 

ഇന്‍ക്വിലാബ് സിന്ദാബാദ് വിളികള്‍ക്കിടെയായിരുന്നു സത്യപ്രതിജ്ഞ. എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയ പാര്‍ട്ടി നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ചാണ് ഭഗവന്ത് സിങ്ങ് മാന്‍ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. സ്‌നേഹിക്കുക എന്നത് എല്ലാവരുടെയും അവകാശമാണ്, എന്നിരിക്കെ എന്തുകൊണ്ട് ഇത്തവണ നമുക്ക് നമ്മുടെ മണ്ണിനെ കാമുകന്‍ ആക്കിക്കൂടാ എന്ന ഭഗത് സിങ്ങിന്റെ വാചകം സത്യപ്രതിജ്ഞയ്ക്ക് ശേഷം ഭഗവന്ത് സിങ്ങ് മാന്‍ ഉദ്ധരിച്ചു.  

തന്റെ സര്‍ക്കാര്‍ എല്ലാ ജനങ്ങളുടേയും സര്‍ക്കാര്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി മാന്‍ പറഞ്ഞു. എതിരാളികളെ വേട്ടയാടില്ലെന്നും തരംതാണ രാഷ്ട്രീയം കളിക്കാനില്ലെന്നും ഭഗവന്ത് സിങ്ങ് മാന്‍ പറഞ്ഞു. 117 അംഗ നിയമസഭയില്‍ 92 സീറ്റ് നേടിയാണ് എഎപി പഞ്ചാബില്‍ ഭരണം നേടിയത്. 

പഞ്ചാബിലെ ധൂരി മണ്ഡലത്തില്‍ നിന്നും അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് ഭഗവന്ത് മാന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചാബില്‍ 17 അംഗ മന്ത്രിസഭ രൂപീകരിക്കാനാണ് എഎപിയുടെ തീരുമാനമെന്നാണ് സൂചന. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ശനിയാഴ്ച നടന്നേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com