ഇന്ധനവില വര്‍ധനവ്: രാജ്യവ്യാപക പ്രക്ഷോഭത്തിന് സിപിഎം, ഏപ്രില്‍ രണ്ടിന് പ്രതിഷേധ ദിനം

കശ്മീര്‍ ഫയല്‍സ് എന്ന സിനിമയുടെ പേരില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും വര്‍ഗീയ ധ്രുവീകരണം നടത്തുകയാണെന്ന് യെച്ചൂരി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനയ്‌ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് സിപിഎം. ഏപ്രില്‍ രണ്ടിന് രാജ്യമൊട്ടാകെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പെട്രോളിയം സെസ് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ടിന്റെ കരടിന് സിപിഎം കേന്ദ്രകമ്മറ്റി അംഗീകാരം നല്‍കി.

കശ്മീര്‍ ഫയല്‍സ് എന്ന സിനിമയുടെ പേരില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും വര്‍ഗീയ ധ്രുവീകരണം നടത്തുകയാണെന്ന് യെച്ചൂരി ആരോപിച്ചു. പ്രധാനമന്ത്രി തന്നെ നേരിട്ടു സിനിമയുടെ പ്രചാരണം നടത്തുന്നു. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനൊപ്പമാണ് സിപിഎം എന്നും യെച്ചൂരി പ്രതികരിച്ചു.

ചെണ്ടകൊട്ടി പ്രതിഷേധത്തിന് കോണ്‍ഗ്രസ്

വില വര്‍ധനവിന് എതിരെ കോണ്‍ഗ്രസും പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴു വരെ രാജ്യത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. മൂന്നു ഘട്ടങ്ങളായാണ് പരിപാടി നടത്തുന്നത്.

മാര്‍ച്ച് 31ന് രാവിലെ 11 മണിക്ക് വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളില്‍ മാലചാര്‍ത്തി പ്രതിഷേധിക്കും. ബിജെപി സര്‍ക്കാരിന്റെ കാതു തുറപ്പിക്കാനായി ഡ്രംസും മറ്റും കൊട്ടി പ്രതിഷേധം നടത്തും. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. വില ക്കയറ്റത്തില്‍ ഒരു മാറ്റവുമില്ലെന്നും തിയതി മാത്രമാണ് മാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

'വോട്ട് ചെയ്ത ജനങ്ങളെ മോദി വഞ്ചിച്ചു. പൊതുജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ രാജ്യം പിറകോട്ടാണ് പോകുന്നത്. പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തര്‍ പ്രദേശിലെ സൗജന്യ എല്‍പിജി സിലിണ്ടര്‍ വിതരണവും നിര്‍ത്തിവെച്ചു.' രണ്‍ദീപ് കൂട്ടിച്ചേര്‍ത്തു.

ബിജെപി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. രാജാവ് കൊട്ടാരത്തില്‍ തയ്യാറെടുക്കുകയാണെന്നും പ്രജകള്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com