ജിഗ്നേഷ് മേവാനിക്ക് മൂന്ന് മാസം തടവുശിക്ഷ

അനുമതിയില്ലാതെ റാലി നടത്തുന്നത് തെറ്റ് തന്നെയാണെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ചൂണ്ടിക്കാട്ടി.
ജിഗ്നേഷ് മേവാനി/ഫയല്‍
ജിഗ്നേഷ് മേവാനി/ഫയല്‍

അഹമ്മദാബാദ്: പൊലീസ് അനുമതിയില്ലാതെ ഗുജറാത്തിലെ മെഹ്‌സാനയില്‍ റാലി നടത്തിയതിന് ജിഗ്‌നേഷ് മേവാനിയടക്കം ഒന്‍പതുപേര്‍ക്ക് മൂന്നുമാസം തടവ് ശിക്ഷ. മെഹ്‌സാന മജിസ്‌ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 ജൂലായില്‍ പൊലീസ് അനുമതിയില്ലാതെ റാലി നടത്തിയതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലാണ് ശിക്ഷ. എന്‍സിപി നേതാവ് രേഷ്മ പട്ടേലും തടവ് ശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.

റാലി നടത്തുന്നത് തെറ്റല്ല എങ്കിലും അനുമതിയില്ലാതെ റാലി നടത്തുന്നത് തെറ്റ് തന്നെയാണെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ചൂണ്ടിക്കാട്ടി. നിയമലംഘനം പൊറുക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഉനയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ചിലരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച സംഭവത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ മെഹ്‌സാനയില്‍ മേവാനിയും സംഘവും നടത്തിയ റാലിയാണ് കേസിന് ആധാരം. 

മെഹ്‌സാന എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് ആദ്യം റാലിക്ക് അനുമതി നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചു. എന്നാല്‍ ഇത് വകവയ്ക്കാതെ സംഘാടകര്‍ റാലി നടത്തുകയായിരുന്നു. റാലിക്ക് അനുമതി തേടി ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുന്നതിന് പകരം സംഘാടകര്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ ഉത്തരവ് ലംഘിക്കാനാണ് ശ്രമിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

മേവാനി അടക്കമുള്ളവര്‍ക്കെതിരെ മെഹ്‌സാന പൊലീസാണ് അനധികൃതമായി കൂട്ടംകൂടിയതിന് കേസെടുത്തത്. 12 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കമുള്ളവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com