വിവാഹപ്പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്നതിനിടെ 18കാരന്‍ കുഴഞ്ഞുവീണു, ദാരുണാന്ത്യം; മരണകാരണം ഡി ജെ മ്യൂസിക്കെന്ന് ഡോക്ടര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2022 03:09 PM  |  

Last Updated: 07th May 2022 03:17 PM  |   A+A-   |  

dj_party

പ്രതീകാത്മക ചിത്രം

 

ഭോപാല്‍: വിവാഹപ്പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്നതിനിടെ 18കാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശി ലാല്‍ സിങ് ആണ് മരിച്ചത്. താജ്പൂറില്‍ നടന്ന സുഹൃത്തിന്റെ വിവാഹാഘോഷത്തിനിടെയായിരുന്നു മരണം. 

വിഡിയോ ചിത്രീകരിച്ചും നൃത്തം ചെയ്തുമെല്ലാം ഡി ജെ പാര്‍ട്ടി ആസ്വദിക്കുകയായിരുന്നു ലാല്‍. ഇതിനിടെ അപ്രതീക്ഷിതമായി ലാല്‍ ബോധരഹിതനായി നിലത്ത് വീണു. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടേനിന്ന് കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

കുട്ടിയുടെ ഹൃദയത്തില്‍ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹൃദയത്തില്‍ രക്തം കട്ടപിടിച്ച് ക്ലോട്ട് രൂപപ്പെടാന്‍ കാരണം ഉച്ചത്തിലുള്ള ശബ്ദമാണെന്ന് ഉജ്ജെയിന്‍ ആശുപത്രിയിലെ ഡോ. ജിതേന്ദര്‍ ശര്‍മ്മ പറഞ്ഞു. ഡി ജെ അല്ലെങ്കില്‍ മറ്റേതെങ്കിലും വലിയ ശബ്ദ സംവിധാനത്തില്‍ നിന്ന് ഉച്ചത്തില്‍ സംഗീതം കേള്‍ക്കുമ്പോള്‍, അത് ശരീരത്തില്‍ അസാധാരണമായ പ്രതികരണങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഡോക്ടര്‍ പറയുന്നത്. ഒരു നിശ്ചിത അളവിന് മുകളിലുള്ള ശബ്ദം മനുഷ്യര്‍ക്ക് ഹാനികരമാകുമെന്നും ഹൃദയം, തലച്ചോറ് തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

ഭരണത്തിൽ ഒരു വർഷം; വിശേഷങ്ങൾ ചോദിച്ച് സാധാരണക്കാർക്കൊപ്പം ബസിൽ സഞ്ചരിച്ച് സ്റ്റാലിൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ