'തെരുവില്‍ അലയുന്ന ഇരപിടിയന്‍മാരെന്ന്' ഹൈക്കോടതി;19കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വെറുതേവിട്ട് സുപ്രീംകോടതി

ഈ സംഭവം നടന്ന് പത്തുമാസത്തിന് ശേഷമാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ നിര്‍ഭയ കേസ് സംഭവിച്ചത്
സുപ്രീം കോടതി /ഫയല്‍ ചിത്രം
സുപ്രീം കോടതി /ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: പത്തൊന്‍പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളെ വെറുതെവിട്ട് സുപ്രീംകോടതി. ഡല്‍ഹി കോടതി വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെയാണ് സുപ്രീംകോടതി കുറ്റവിമുക്തരാക്കിയത്. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് പ്രതികളായ രവികുമാര്‍, രാഹുല്‍, വിനോദ് എന്നിവരെ കുറ്റവിമുക്തരാക്കിയത്. നിര്‍ഭയ കേസിന് മൂന്നുമാസം മുന്‍പായിരുന്നു സംഭവം നടന്നത്. 

2012 ഫെബ്രുവരിയിലായിരുന്നു കേസിന് ആസ്പദമായി സംഭവം നടന്നത്. ഡല്‍ഹി നജഫ്ഗഡില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഹരിയാനയിലെ റെവാരി ജില്ലയിലെ പാടശേഖരത്തില്‍ കണ്ടെത്തുകയായിരുന്നു. നജഫ്ഗഡ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രവികുമാര്‍, രാഹുല്‍, വിനോദ് എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

യുവതിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍, ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയെന്നും മൃതദേഹം ഹരിയാനയിലെ ഗ്രാമത്തിലെ വയലില്‍ ഉപേക്ഷിച്ചെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച കീഴ്‌ക്കോടതി വിധി ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. 'ഇരതേടി തെരുവുകളില്‍ അലയുന്ന വേട്ടക്കാരാണ്' പ്രതികള്‍ എന്ന് ഹൈക്കോടതി വിശേഷിപ്പിച്ചിരുന്നു. 

വിധിയെ ചോദ്യം ചെയ്ത് പ്രതികള്‍ പിന്നീട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. പ്രതികളെ കുറ്റവിമുക്തരാക്കുന്നതിനെ സുപ്രീംകോടതിയില്‍ ഡല്‍ഹി പൊലീസ് എതിര്‍ത്തിരുന്നു. പെണ്‍കുട്ടിക്ക് എതിരെ മാത്രമല്ല, സമൂഹത്തിന് എതിരെകൂടിയാണ് ഇവര്‍ കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. 

പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും കണക്കിലെടുത്ത് വെറുതെ വിടണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സുപ്രീംകോടതി വിധി ഞെട്ടലുണ്ടാക്കിയെന്നും എന്നിരുന്നാലും നിയമപോരാട്ടം തുടരുമെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. കോടതിക്കുള്ളില്‍ പ്രതികള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഈ സംഭവം നടന്ന് പത്തുമാസത്തിന് ശേഷമാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ നിര്‍ഭയ കേസ് സംഭവിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ സുപ്രധാന വിധി പുറപ്പെടുവിച്ച് ജസ്റ്റിസ് യു യു ലളിത് സുപ്രീംകോടതിയുടെ പടിയിറങ്ങി, തികഞ്ഞ സംതൃപ്തിയെന്ന് ചീഫ് ജസ്റ്റിസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com