സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമല്ല; ചരിത്ര വിധിയുമായി സുപ്രീം കോടതി

നാലു വ്യത്യസ്ത വിധിന്യായങ്ങളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത്
സുപ്രീം കോടതി /ഫയല്‍
സുപ്രീം കോടതി /ഫയല്‍

ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി ശരിവച്ചു. സാമ്പത്തിക സംവരണത്തിനായി കൊണ്ടുവന്ന, 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കു വിരുദ്ധമല്ലെന്നു വിലയിരുത്തിയാണ്, ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്.

നാലു വ്യത്യസ്ത വിധിന്യായങ്ങളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന തുല്യതയെ സാമ്പത്തിക സംവരണം ലഘിക്കുന്നില്ലെന്ന്, ചീഫ് ജസ്റ്റിസ് യുയു ലളിതിനൊപ്പം ആദ്യ വിധിന്യായം എഴുതിയ ജസ്റ്റിസ് ദിേേനശ് മഹേശ്വരി പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് എതിരല്ല സാമ്പത്തിക സംവരണമെന്ന് ജസ്റ്റിസ് മഹേശ്വരി വിധിച്ചു. ജസ്റ്റിസ് ബേല ത്രിവേദിയും ജസ്റ്റിസ് ജെബി പര്‍ദിവാലയും സാമ്പത്തിക സംവരണം ശരിവച്ചു വിധി പറഞ്ഞു. ഇതോടെ ഭരണഘടനാ ബെഞ്ചിലെ അഞ്ചില്‍ നാലു ജഡ്ജിമാരും സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു. ജസ്റ്റിസ് രവീന്ദ്ര ഭട്ട് സംവരണം ഭരണഘടനാ വിരുദ്ധമെന്ന് ഭിന്ന വിധിയെഴുതി.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹര്‍ജിക്കാര്‍ മുന്നോട്ട് വച്ച പ്രധാനവാദം. 

ആദ്യം മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. പിന്നീട് സുപ്രധാന നിയമ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു കണ്ട് ഭരണഘടനാ ബെഞ്ചിനു വിടുകയായിരുന്നു. സാമ്പത്തിക സംവരണം ഭരഘടനാപരമാണോ, സംവരണം 50 ശതമാനത്തില്‍ കൂടുന്നത് അനുവദനീയമാണോ തുടങ്ങിയ വിഷയങ്ങളാണ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഏഴു ദിവസമാണ് വാദം കേട്ടത്. 

എസ്എന്‍ഡിപി, ഡിഎംകെ, വിവിധ പിന്നോക്ക സംഘടനകള്‍ എന്നിവയടക്കം കോടതിയെ സമീപിച്ചിരുന്നു. കേരളത്തില്‍ നിന്ന് മുന്നാക്ക സമുദായ മുന്നണി ഉള്‍പ്പെടെ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com