മതം മാറിയ ദളിതർക്ക് പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം നല്‍കാനാവില്ല: കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഹിന്ദു, ബുദ്ധ, സിഖ് മതങ്ങളില്‍പ്പെട്ട ദളിതര്‍ക്ക് മാത്രമാണ് നിലവില്‍ പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം ലഭിക്കുന്നത്
സുപ്രീം കോടതി /ഫയല്‍ ചിത്രം
സുപ്രീം കോടതി /ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: മുസ്ലിം, ക്രൈസ്തവ മതങ്ങളിലേക്ക് മാറിയ ദളിതര്‍ക്ക് പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഹിന്ദുക്കളായ ദളിതര്‍  അനുഭവിച്ചതു പോലെയുള്ള പീഡനങ്ങള്‍ ദളിത് ക്രൈസ്തവരും, മുസ്ലിങ്ങളും അനുഭവിച്ചതിന് വസ്തുതാപരമായ രേഖകള്‍ ഇല്ലെന്നും സത്യവാങ്മൂലം പറയുന്നു. 

ദളിത് ഹിന്ദുക്കള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സംവരണവും ദളിത് ക്രൈസ്തവര്‍ക്കും, മുസ്ലിങ്ങള്‍ക്കും കൂടി നല്‍കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. തൊട്ടുകൂടായ്മ പോലുള്ള സാമൂഹിക തിന്മകള്‍ ദളിത് ക്രൈസ്തവര്‍ക്കും, മുസ്ലിങ്ങള്‍ക്കും ഇടയില്‍ ഇല്ല. 

തൊട്ടുകൂടായ്മ പോലുള്ള സാമൂഹിക തിന്മകളില്‍ നിന്ന് പുറത്ത് കടക്കുന്നതിനാണ് ദളിത് ഹിന്ദുക്കള്‍, ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് മാറുന്നതെന്നും കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. 

ഹിന്ദു, ബുദ്ധ, സിഖ് മതങ്ങളില്‍പ്പെട്ട ദളിതര്‍ക്ക് മാത്രമാണ് നിലവില്‍ പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം ലഭിക്കുന്നത്. ഇവരുടെ പിന്നാക്ക അവസ്ഥയും, ഇവര്‍ക്കിടയില്‍ നിലനിന്നിരുന്ന സാമൂഹിക തിന്മകളുടെ ചരിത്രപരമായ രേഖകളും പരിശോധിച്ച ശേഷമാണ് പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം നല്‍കുന്നത്. അതേസമയം ദളിത് ക്രൈസ്തവര്‍ക്കും, മുസ്ലിങ്ങള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 27% ശതമാനം സംവരണത്തിന് അര്‍ഹത ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 

ദേശീയ പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോര്‍പറേഷന്റെ വിവിധ പദ്ധതികള്‍ക്കും, സ്‌കോളര്‍ഷിപ്പുകള്‍ക്കും ഇവര്‍ക്ക് അര്‍ഹതയുണ്ട്. ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് മാറിയ ദളിത് ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്ക് നല്‍കുന്ന അനുകൂല്യത്തിന്റെ അര്‍ഹത ഉണ്ട്. 

ദളിത് ക്രിസ്ത്യാനികളെയും, ദളിത് മുസ്ലിങ്ങളെയും പട്ടിക വിഭാഗത്തില്‍ ഉള്‍പെടുത്തുന്നതിനെ കുറിച്ച് പഠിക്കാന്‍ കമ്മീഷന്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട്, ഈ കമ്മീഷന്റെ റിപ്പോര്‍ട്ട് വരുന്നത് വരെ ഹര്‍ജിക്കാര്‍ കാത്തിരിക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com