കൈയില്‍ ടാറ്റൂ കുത്തിയതിന് സേനാ റിക്രൂട്ട്‌മെന്റില്‍ വിലക്ക്; യുവാവ് ഹൈക്കോടതിയില്‍, ആശ്വാസ നടപടി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 11th November 2022 03:32 PM  |  

Last Updated: 11th November 2022 03:32 PM  |   A+A-   |  

tattoo

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി:  കൈയില്‍ മത ചിഹ്നം ടാറ്റൂ കുത്തിയതിന്റെ പേരില്‍ സേനാ റിക്രൂട്ട്‌മെന്റില്‍ പുറംതള്ളപ്പെട്ടയാള്‍ക്ക് ഹൈക്കോടതിയില്‍നിന്ന് ആശ്വാസ നടപടി. ടാറ്റൂ നീക്കം ചെയ്ത ശേഷം മെഡിക്കല്‍ ബോര്‍ഡിനു മുമ്പാകെ ഹാജരാവാന്‍ യുവാവിന് ഹൈക്കോടതി അനുമതി നല്‍കി. മെഡിക്കല്‍ ബോര്‍ഡ് യോഗ്യമെന്നു കണ്ടെത്തുന്ന പക്ഷം നിയമ നടപടികളിലേക്കു കടക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു.

കേന്ദ്ര സായുധ പൊലീസ് സേന, എന്‍ഐഎ തുടങ്ങിയവയിലേക്കുള്ള റിക്രൂട്ട്‌മെന്റിലാണ് യുവാവിന് അയോഗ്യത കല്‍പ്പിച്ചത്. മത ചിഹ്നം ടാറ്റൂ കുത്തിയത് അസ്വീകാര്യമാണെന്നും മാര്‍ഗ നിര്‍ദേശത്തിനു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരെ യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു.

ലേസര്‍ ശസ്ത്രക്രിയയിലൂടെ ടാറ്റൂ നീക്കം ചെയ്യാന്‍ തയാറാണെന്ന് യുവാവ് കോടതിയെ അറിയിച്ചു. ഇതൊഴികെ മറ്റ് അയോഗ്യതയൊന്നും തന്നില്‍ കണ്ടെത്താന്‍ അധികൃതര്‍ക്കായിട്ടില്ലെന്നും യുവാവ് പറഞ്ഞു. 

സല്യൂട്ട് ചെയ്യുന്ന കയ്യുടെ മടമ്പിലാണ് ടാറ്റൂ കുത്തിയിട്ടുള്ളതെന്നും അത് ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. 

ടാറ്റൂ നീക്കം ചെയ്ത ശേഷം പുതിയ മെഡിക്കല്‍ ബോര്‍ഡിനു മുമ്പാകെ ഹാജരാവാന്‍ യുവാവിന് അനുമതി നല്‍കി ഹര്‍ജി തീര്‍പ്പാക്കുകയാണെന്ന് കോടതി അറിയിച്ചു. മെഡിക്കല്‍ ബോര്‍ഡ് യോഗ്യനാണെന്നു കണ്ടെത്തുന്ന പക്ഷം നിയമന നടപടികളിലേക്കു കടക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

എഫ്‌ഐആറിന്റെ പേരില്‍ തൊഴില്‍ നിഷേധിക്കാനാവില്ല, നിയമനത്തിന് അയോഗ്യതയല്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ